ഡല്‍ഹിയില്‍ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിര്‍ത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിര്‍ത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു.
ഡല്‍ഹിയിലെ വിനോദ് നഗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപികയുടെ ശിക്ഷയ്ക്ക് പിന്നാലെ അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദ്യാര്‍ത്ഥിനിയുടെ മരണത്തെത്തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ പ്രതിഷേധവുമായി കുട്ടിയുടെ ബന്ധുക്കളും നാട്ടുക്കാരും രംഗത്തെത്തി.
പുസ്തകം കൊണ്ടുവരാത്തതിന് കുട്ടിയെ രൂക്ഷമായി ശകാരിക്കുകയും കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് വെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അമ്മയെ വിളിച്ചുവരുത്തുകയായിരുന്നു. സ്‌കൂളിലെത്തിയപ്പോള്‍ മകള്‍ വെയിലത്ത് അവശനിലയില്‍ നില്‍ക്കുന്നതാണ് കണ്ടതെന്ന് അമ്മ പറഞ്ഞു.
കുട്ടിയുടെ മരണം വളരെ ദുഃഖകരവും ഗൗരവമേറിയതുമായ സംഭവമാണെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ആരോപണവിധേയയായ അധ്യാപികയെ സ്ഥലംമാറ്റിയതായും മന്ത്രി വ്യക്തമാക്കി.
ബിജെപി എംഎല്‍എ രവീന്ദര്‍ സിങ് നേഗിയും സംഭവസ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു