പത്താമത് ലോക ദരിദ്ര ദിനം: 1500 ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്ത് വത്തിക്കാന്‍

 
leo papa

വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ പെറുവില്‍ അപ്പസ്‌തോലിക സന്ദര്‍ശനം തുടരുന്ന പശ്ചാത്തലത്തിലും പാവങ്ങള്‍ക്കായുള്ള പത്താമത് ആഗോള ദിനാചരണം വത്തിക്കാനില്‍ നടത്തി.


 സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ലെയോ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ജീവകാരുണ്യ വിഭാഗം പ്രിഫെക്റ്റ് ആര്‍ച്ച് ബിഷപ്പ് ലൂയിസ് മാരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ ദിവ്യബലി അര്‍പ്പിച്ചു. ക്രിസ്തുവിനെ പാവപ്പെട്ടവരില്‍ ദര്‍ശിക്കാനും, ദരിദ്രരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവര്‍ക്ക് കൃത്യമായ സഹായങ്ങള്‍ നല്‍കാനും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

ദിവ്യബലിക്ക് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി ഇറ്റാലിയന്‍ റെഡ് ക്രോസ്, അത്ലെറ്റിക്ക വത്തിക്കാന എന്നിവയുടെ സഹകരണത്തോടെ പാവങ്ങളായ 1,500 പേര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു. 

ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന ലെയോ പാപ്പ, ഈ വരുന്ന നവംബര്‍ 22 ഞായറാഴ്ച പോള്‍ ആറാമന്‍ ഹാളില്‍ 1,300 പാവപ്പെട്ട അതിഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന രീതി തുടരുമെന്നു വത്തിക്കാന്‍ അറിയിച്ചു.


2016-ലാണ് ദരിദ്രരോടുള്ള തന്റെ അനുകമ്പയുടെ പ്രതീകമായി ആഗോള ദരിദ്രര്‍ക്കായുള്ള ദിനം ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് ഒരാഴ്ച മുന്‍പാണ് ആചരണം നടക്കുന്നത്.

 റോമിലെ ദരിദ്രരെ വത്തിക്കാനിലേക്ക് തന്നോടൊപ്പം ഭക്ഷണം കഴിക്കാനും അവരുമായി സമയം ചെലവിടുവാനും പാപ്പ ഈ ദിവസം മാറ്റിവെക്കാറുണ്ട്. ചികിത്സ സഹായവും മറ്റും നല്‍കുന്നതും ആചരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ലെയോ പാപ്പ ആയിരത്തിമുന്നൂറിലധികം പാവപ്പെട്ടവരുടെ ഒപ്പം ഉച്ചഭക്ഷണം കഴിച്ചിരിന്നു. 'കര്‍ത്താവാണ് ദരിദ്രന്റെ സങ്കേതം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം.


 

Tags

Share this story

From Around the Web