എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് പത്ത് വർഷം

ഇന്ത്യയുടെ മിസൈൽ മാൻ ഡോ. എ പി ജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം. ഇന്ത്യൻ യുവതയെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത വലിയ മനുഷ്യനാണ് അദ്ദേഹം.
ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു എ പി ജെ അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം , ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
ജനിച്ച ചുറ്റുപാടുകൾ ഒരിക്കലും ജീവിതത്തിൽ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്ഘോഷിച്ച ദീർഘ വീക്ഷണമുള്ള അപൂർവ പ്രതിഭയായിരുന്നു അബ്ദുൽ കലാം. ഫൈറ്റർ പൈലറ്റാകാനായിരുന്നു മോഹമെങ്കിലും ‘ഇന്ത്യയുടെ മിസൈൽമാൻ’ ആയാണ് പരിണമിച്ചത്.
ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണങ്ങളുടെ നേതൃത്വം വഹിച്ചതും തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിന്റെ ഏകോപനച്ചുമതല വഹിച്ചതും എ പി ജെ അബ്ദുൽ കലാം ആയിരുന്നു.
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ഡോക്ടർ അബ്ദുൾ കലാം രാഷ്ട്രത്തിന്റെ ഭാവിയെപ്പറ്റിയും രാജ്യത്തിന്റെ കരുത്തിനെപ്പറ്റിയും തലമുറകളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. കുട്ടികളുമായി സംവദിക്കാൻ രാഷ്ട്രപതിയായിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞശേഷവും സമയം കണ്ടെത്തി.
2015ൽ എൺപത്തിമൂന്നാം വയസിലാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.