പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളര്‍ത്തേണ്ട 10 പുണ്യങ്ങള്‍
'ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോള്‍ ദൈവപുത്രനിലും ദൈവപിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു'' - നിരീശ്വരനായ തത്വചിന്തകന്‍ ലുഡ് വിഗ് ഫോയര്‍ബാകിന്റെ വാക്കുകളാണ്. മറിയം നിത്യപിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നമ്മളെ ദൈവവുമായി അടുപ്പിക്കാന്‍ അവള്‍ക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താല്‍ മരിയന്‍ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോണ്‍ഫോര്‍ട്ട് പരിശുദ്ധ മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു.
നമ്മള്‍ മറിയത്തെ അറിയാനിടയായാല്‍ അവളെ സ്‌നേഹിക്കും അവളെ സ്‌നേഹിച്ചാലോ അനുകരിക്കും. ആ അനുകരണം അവളെ അറിയിക്കാനുള്ള ആഗ്രഹത്തിലേക്കു നയിക്കും. അവസാനം നമ്മള്‍ സ്‌നേഹിച്ചവളെപ്പോലെ ആയിത്തീരും. ആയതിനാല്‍ പരിശുദ്ധ കന്യകാമറിയത്തില്‍ വിളങ്ങിശോഭിച്ചിരുന്ന പത്തു പുണ്യങ്ങള്‍ നമുക്കനുകരിക്കാം. അമ്മ നമ്മളെ സ്വര്‍ഗത്തിലേക്കു നയിക്കും.
ദൈവമാതാവില്‍ വിളങ്ങിശോഭിച്ചിരുന്ന പത്തു പുണ്യങ്ങളില്‍ നിന്നു നമുക്കു പഠിക്കാം അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.
1. മഹനീയമായ വിശ്വാസം
ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനായ കാള്‍ റാനറിന്റെ അഭിപ്രായത്തില്‍ വിശ്വാസത്തിന്റെ അര്‍ഥം ജീവിതകാലം മുഴുവനും ദൈവത്തിന്റെ അഗ്രാഹ്യതയോടു ചേര്‍ന്നുനില്‍ക്കുക എന്നതാണ്. പരിശുദ്ധ മറിയം ജീവിതകാലം മുഴുവനും ദൈവത്തോടു ചേര്‍ന്നു സഞ്ചരിച്ച സ്ത്രീ ആയിരുന്നു. ഈശോ കുരിശില്‍ മരിച്ചപ്പോള്‍ അപ്പസ്‌തോലന്മാരില്‍ പലരുടെയും വിശ്വാസം ആടയുലഞ്ഞു. മറിയം വലിയ അവര്‍ണ്യങ്ങളായ വേദനകളിലൂടെ കടന്നുപോയെങ്കിലും ദൈവപുത്രനിലും അവന്റെ രക്ഷാകരപദ്ധതിയിലുള്ള വിശ്വാസത്തിലും ഒരു നിമിഷംം പോലും ചഞ്ചലചിത്തയായില്ല. അതിനാല്‍ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വലിയ കോളിളക്കങ്ങളിലും കൊടുങ്കാറ്റുകളിലും മറിയത്തിലേക്കു തിരിയാം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'തിരുസഭ' എന്ന പ്രമാണരേഖയില്‍ മറിയത്തെ യേശുവിന്റെ ആദ്യശിഷ്യയും ഏറ്റവും വിശ്വസ്തയായ ശിഷ്യയുമായി അവതരിപ്പിച്ചിരിക്കുന്നു.
പരിശുദ്ധ മാതാവേ, ദൈവവിശ്വാസത്തില്‍ ഞങ്ങളെ വളര്‍ത്തണമേ.
2. അചഞ്ചലമായ പ്രത്യാശ
ആഴവും ദൃഢതയുള്ളളതുമായ വിശ്വാസത്തിന്റെ ഉടമ മാത്രമായിരുന്നില്ല മറിയം, അചഞ്ചലമായ പ്രത്യാശയും മറിയത്തില്‍ വിളങ്ങിശോഭിച്ചിരുന്നു. ഉത്ഥാനം അറിയുന്ന ഒരുവനും നിരാശപ്പെടാനാവുകയില്ല എന്ന് ഡിടിക് ബൊനോഫെര്‍ എന്ന ലൂഥറന്‍ ദൈവശാസ്ത്രജ്ഞന്‍ പഠിപ്പിക്കുന്നു ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാരെ ഒന്നിച്ചു നിര്‍ത്തിയ കണ്ണി ഉത്ഥിതനെ പൂര്‍ണ്ണമായി അറിഞ്ഞ പരിശുദ്ധ മറിയമായിരുന്നു. നമ്മുടെ ആത്മാവും ശരീരവും ഹൃദയവും നമ്മുടെ ജീവിതത്തെ തന്നെയും ദൈവത്തിങ്കലേക്കും സ്വര്‍ഗത്തിലേക്കും ഉയര്‍ത്താന്‍ നമ്മളെ സഹായിക്കുന്ന വഴിവിളക്കാണ് മറിയം. മറ്റെന്തിനെക്കാളുമുപരി നമ്മള്‍ സ്വര്‍ഗത്തിലെത്തണം എന്നു മറിയം ആഗ്രഹിക്കുന്നു. ഈ പ്രത്യാശ -മറിയത്തിലൂടെ സുരക്ഷിതമായി നമ്മള്‍ സ്വര്‍ഗഭാഗ്യത്തില്‍ പ്രേേവശിക്കും- ഒരിക്കലും മറക്കാതിരിക്കാം.
ഭാഗ്യവതിയായ അമ്മേ, ദൈവത്തിലുള്ള പ്രത്യാശയില്‍ അനുദിനം എന്നെ വളര്‍ത്തണമേ.
3. അലൗകികമായ സ്‌നേഹവും ഉപവിയും
പരിശുദ്ധ മറിയത്തിന്റെ പക്കല്‍ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്‌നേഹവും കടലോളമുണ്ട്. പുണ്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം സ്‌നേഹമാണ്. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാമാവോടും പൂര്‍ണ്ണശക്തിയോടും കൂടി സ്‌നേഹിക്കുന്നതാണ് അലൗകികമായ സ്‌നേഹം. ആരും മറിയത്തെപ്പോലെ ദൈവത്തെയും അയല്‍ക്കാരെയും ഇത്ര ഗാഢമായി സ്‌നേഹിച്ചിട്ടില്ല. ദൈവത്തോടുള്ള അവളുടെ സ്‌നേഹം ജ്വലിക്കുന്ന അഗ്‌നി ആയിരുന്നു. ആത്മാക്കളു രക്ഷയ്ക്കുവേണ്ടിയുള്ള അവളുടെ ദാഹത്തിനു അതിര്‍ത്തി ഇല്ലായിരുന്നു. ദൈവത്തോടും അയല്‍ക്കാരോടുമുള്ള ഉത്ക്കടമായ സ്‌നേഹം മൂലം മറിയം നമ്മുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ തീപ്പൊരി വിതറുന്നു.
മറിയമേ, നിന്നെപ്പോലെ സ്‌നേഹിക്കാന്‍ സ്‌നേഹം കൊണ്ടു മരിക്കാന്‍ എന്നെ പഠിപ്പിക്കണമേ.
4. വീരോചിതമായ ക്ഷമ
മറിയം മനുഷ്യവംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അമ്മയായതിനാല്‍ അവള്‍ വീരോചിതമായ ക്ഷമ ജീവിത്തിന്റെ എല്ലാം നിമിഷങ്ങളിലും കാത്തുസൂക്ഷിച്ചു. ദൈവത്തിനു വേണ്ടി മറിയം ക്ഷമയോടെ കാത്തിരുന്നു. അവളുടെ ജീവിതത്തില്‍ ദൈവം അനുവദിച്ച സഹനങ്ങളും വിരോദാഭാസങ്ങളും കടന്നുപോകാന്‍ ക്ഷമയോടെ കാത്തിരുന്നു. യേശുവിന്റെ കുരിശിന്റെ വഴിയേ അവള്‍ ക്ഷമയോടെ അനുയാത്ര ചെയ്തു. അതിനെല്ലാം ഉപരിയായി കുരിശിന്റെ ചുവട്ടില്‍ ലോകരക്ഷയ്ക്കായി യേശുവിനോടൊപ്പം മറിയം വിരോചിതമായ ക്ഷമയോടെ എല്ലാം സഹിച്ചു.
മറിയമേ ക്ഷമയില്‍ എന്നെ വളര്‍ത്തണമേ.
5. അതുല്യയമായ പരിശുദ്ധി
വിശുദ്ധിയെന്നത് കുറച്ചു വ്യക്തികള്‍ക്കു മാത്രമുള്ള ആനുകൂല്യമല്ല ഓരോ വ്യക്തികള്‍ക്കുമുള്ള ലളിതമായ കടമയായി കല്‍ക്കത്തയിലെ വി. മദര്‍ തേരേസാ പറയുന്നു. എല്ലാ വിശ്വാസികളും പരിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. മറിയം അതിനു നമുക്കു ഉദാത്തമായ മാതൃക. ജഡികപാപങ്ങള്‍ മൂലമാണ് ധാരാളം ആത്മാക്കള്‍ നരകാഗ്‌നിയില്‍ നിപതിച്ചതെന്നു പരിശുുദ്ധ മറിയത്തിന്റെ ഫാത്തിമാ സന്ദേശത്തില്‍ പറയുന്നു; അതായതു ആറും ഒന്‍പതും പ്രമാണങ്ങളുടെ ലംഘനം വഴി. പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനു നമ്മളെത്തന്നെ സമര്‍പ്പിക്കലാണ് പുണ്യത്തില്‍ വളരാനുള്ള ഏറ്റവും നല്ല മാര്‍ഗം. മറിയത്തെപ്പോലെ അടക്കത്തോടും ഒതുക്കത്തോടും കൂടി ജീവിക്കുക. പരിശുദ്ധിയോടെ മരിക്കുക.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും (മത്തായി 5:8).
ഏറ്റവും പരിശുദ്ധയും അമലോദ്ഭവയുമായ മറിയമേ, ജീവിതവിശുദ്ധിക്കു വേണ്ടിയുള്ള ദാഹം എന്നില്‍ വളര്‍ത്തണമേ.
6. അളവില്ലാത്ത അനുസരണം
''ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണമുള്ളവനായിരുന്നു. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി'' (ഫിലിപ്പി 2:8). യേശുവിനെപ്പോലെ മറിയവും അനുസരണം എന്ന പുണ്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1:38) എന്ന വാക്കിനാല്‍ ദൈവഹിതത്തിനു അവള്‍ സ്വയം കീഴടങ്ങി. അങ്ങനെ മറിയത്തിന്റെ പ്രത്യുത്തരം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കായി മാറി.
മേരി മാതാവേ, ലോകം മുഴുവന്‍ അനുസരണക്കേടും എതിര്‍പ്പും നാശം വിതയ്ക്കുമ്പോള്‍ ദൈവത്തെയും ഉത്തരവാദിത്വപ്പെട്ടരെയും അനുസരിക്കാന്‍ എനിക്കു ബലം നല്‍കണമേ.
7. നിരന്തരമായ പ്രാര്‍ത്ഥന
പ്രാര്‍ഥിക്കുകയെന്നതിന്റെ അര്‍ഥം ദൈവത്തെക്കുറിച്ചു സ്‌നേഹപൂര്‍വം ചിന്തിക്കുകയെന്നതാണ്. പരിശുദ്ധ കന്യകാ മറിയത്തിനു ദൈവവുമായി എല്ലാ സമയത്തും സ്ഥലങ്ങളിലും സ്ഥിരവും ആഴമേറിയതും ചലനാത്മകമായ ഐക്യം ഉണ്ടായിരുന്നു. പ്രാര്‍ഥിക്കുക നിരന്തരം പ്രാര്‍ഥിക്കുക മറിയത്തിന്റെ പ്രഥമ സന്ദേശമാണിത്. മറിയത്തിന്റെ നമുക്കു വേണ്ടിയുള്ള മധ്യസ്ഥം ശക്തമാണ്. കാനായിലെ കല്യാണവിരുന്നിലെ യേശുവിന്റെ ആദ്യത്തെ അദ്ഭുതം മറിയത്തിന്റെ ശക്തമായ മാധ്യസ്ഥ്യം വഴിയാണ് സംഭവിച്ചത്. ''മറിയത്തെ ഭക്തിയോടെ വിളിച്ചപേക്ഷിക്കുക, നിങ്ങളുടെ ആവശ്യങ്ങളില്‍ അവള്‍ ശ്രദ്ധിക്കാതിരിക്കുകയില്ല.'' എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ഥന രചിച്ച വി. ബര്‍ണാഡിന്റെ വാക്കുകള്‍ നമുക്കു മറക്കാതിരിക്കാം.
പരിശുദ്ധ മറിയമേ, പ്രാര്‍ഥിക്കാന്‍ എന്നെ പഠിപ്പിക്കണമേ, പ്രാര്‍ഥിക്കാനുള്ള വലിയ ആഗ്രഹം എനിക്കു തരണമേ.
8. തീക്ഷണതയേറിയ ഇന്ദ്രനിഗ്രഹവും അനുതാപവും
ലൂര്‍ദിലെയും ഫാത്തിമായിലെയും മരിയന്‍ സന്ദേശങ്ങളില്‍ തീക്ഷ്ണമായ പ്രാര്‍ഥനയുടെയും പരിഹാരത്തിന്റെയും ആവശ്യകത സഭ പഠിപ്പിക്കുന്നു. പാപികളുടെ മാനസാന്തരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി പാപപരിഹാരം ചെയ്യാന്‍ മറിയം നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. ശുദ്ധീകരണസ്ഥലത്തിലെ പല ആത്മാക്കളും നശിക്കാന്‍ കാരണം അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പരിഹാരം ചെയ്യാനും ആളുകള്‍ ഇല്ലാത്തതിനാലാണന്നും പാപികളുടെ മാനസാന്തരത്തിനായി പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്തു പ്രാര്‍ഥിക്കാനും ഫാത്തിമായിലെ ഇടയകുട്ടികള്‍ക്കു നല്‍കിയ തുടര്‍ സന്ദേശങ്ങളിലൂടെ മറിയം വ്യക്തമാക്കുന്നു.
ദൈവമാതാവേ, എന്റെയും മറ്റുള്ളവരുടെയും പാപങ്ങള്‍ക്കു പരിഹാരം ചെയ്തു പ്രാര്‍ഥിക്കാന്‍ നല്ല മനസ്സ് എനിക്കു പ്രദാനം ചെയ്യണമേ.
9. മാലാഖമാര്‍ക്കടുത്ത മാധുര്യവും വിനയവും
പരിശുദ്ധ കന്യകാമറിയത്തില്‍ വിളങ്ങിയിരുന്ന മറ്റൊരു സവിശേഷപുണ്യം മാലാഖമാര്‍ക്കടുത്ത മാധുര്യവും വിനയവുമാണ്. മറിയം ദയയും വിനയവും സ്‌നേഹവും മാധുര്യവും കരുണയും അനുകമ്പയും നിറഞ്ഞവളും എപ്പോഴും ദൈവത്തിങ്കലേക്കും നയിക്കുന്നവളും ആയിരുന്നു എന്നാണ്. മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തില്‍ അനുകമ്പയും മര്യാദയും വിനയവും ശീലമാക്കാന്‍ മറിയം നമുക്കു പ്രചോദനമാകട്ടെ. തെയ്‌സേ എന്ന സഭൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബ്രദര്‍ റോജര്‍ ഷുറ്റ്‌സ് വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ''സഭ തന്റെ ജീവിതം എത്ര കൂടുതല്‍ മറിയത്തിന്റേതു പോലെയാക്കുന്നുവോ അത്ര കൂടുതല്‍ അവള്‍ മാതൃഭാവമുള്ളവളാകുന്നു.''
പരിശുദ്ധ മറിയമേ, വിനയ ശീലവും സൗമ്യതയും ഞങ്ങളുടെ സ്വഭാവത്തിതിന്റെ സവിശേഷതകളായി എന്നും മാറ്റണമേ.
10. ആത്മാവിലുള്ള ദാരിദ്ര്യം
ദൈവം സ്വത്തായിരുന്നതിനാല്‍ ആത്മാവില്‍ ദാരിദ്യമനുഭവിച്ചവളാണ് മറിയം. അതിനാല്‍ അവള്‍ ശക്തയും അചഞ്ചലയും ആയിരുന്നു. കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ യേശുവിനൊപ്പം സഞ്ചരിക്കാന്‍ മറിയത്തിനു കരുത്തായത് ഈ സ്വത്വബോധമാണ്. നമ്മുടെ ജീവിതത്തിന്റെ പ്രശ്‌നസന്ധികളില്‍ പ്രത്യേകിച്ച് മരണസമയത്തു മറിയത്തിലേക്കു തിരിയാനുള്ള ഒരു കൃപക്കുവേണ്ടി പ്രാര്‍ഥിക്കണം.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേന്‍.
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളില്‍ നമുക്കു അമ്മയ്ക്കു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അമ്മയെപ്പോലെ പുണ്യത്തില്‍ വളരുക എന്നതാണ്. ആയതിനാല്‍ പരിശുദ്ധ കന്യകാമറിയത്തില്‍ വിളങ്ങിശോഭിച്ചിരുന്ന പത്തു പുണ്യങ്ങള്‍ നമുക്കനുകരിക്കാം. അമ്മ നമ്മളെ സ്വര്‍ഗത്തിലേക്കു നയിക്കും.
കടപ്പാട്: ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS