തിരുവനന്തപുരം വര്‍ക്കലയില്‍ വന്‍ കവര്‍ച്ച.വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

 
GOLD ROBBERY


 
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. അയണികുഴിവിള സ്വദേശി ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. 

പത്ത് പവന്‍ സ്വര്‍ണമാണ് മോഷ്ടാവ് അപഹരിച്ചത്. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വര്‍ക്കല പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. ബാബുവിന്റെ രണ്ട് പെണ്‍മക്കള്‍ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. 

കമ്പിപ്പാര ഉപയോഗിച്ച് അടുക്കളയുടെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിലേക്ക് കടന്നത്. തുടര്‍ന്ന് മുറിയില്‍ കയറി പത്ത് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.

മോഷണത്തിന് ശേഷം അടുക്കളയിലെത്തിയ കള്ളന്‍ അവിടെയുണ്ടായിരുന്ന അച്ചാറും ചിപ്സും ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ ശബ്ദം കേട്ടാണ് പെണ്‍കുട്ടികള്‍ ഉണര്‍ന്നത്. മോഷ്ടാവിനെ കണ്ട ഇവര്‍ ഉടനെ ബഹളം വെച്ചതോടെ കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മുഖം മറച്ചുകൊണ്ടാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ, അതേ രാത്രി തന്നെ സമീപ പ്രദേശങ്ങളിലുള്ള മറ്റ് അഞ്ച് വീടുകളിലും സമാനമായ രീതിയില്‍ മോഷണശ്രമം നടന്നതായി വര്‍ക്കല പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.


ഈ അഞ്ചു വീടുകളിലും മോഷണശ്രമം നടത്തിയത് ഒരാള്‍ തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ക്കല പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Tags

Share this story

From Around the Web