ഒറ്റ ക്ലിക്കില്‍ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒരുമിച്ച്; ആരോഗ്യ വകുപ്പിന്റെ പുതിയ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റാണ് പോര്‍ട്ടല്‍ നിര്‍മ്മിച്ചത്.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്സൈറ്റുകളെക്കൂടി കോര്‍ത്തിണക്കിയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. ഇവയുടെയെല്ലാം ആധികാരിക വിവരങ്ങളും, അറിയിപ്പുകളും, പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോര്‍ട്ടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഡയനാമിക് ആയ ഡാഷ്ബോര്‍ഡില്‍ കേരളത്തിന്റെ ആരോഗ്യ രംഗത്തെ ജനസംഖ്യാ പരിവര്‍ത്തനം സംബന്ധിച്ച ഗ്രാഫുകള്‍, ടേബിളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മേഖല സംബന്ധിച്ച് ജനങ്ങള്‍ക്കാവശ്യമുള്ള നിയമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവയും ലഭ്യമാക്കി വരുന്നു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് പുറമെ പ്രധാനപ്പെട്ട ബോധവത്കരണ പോസ്റ്ററുകള്‍, വീഡിയോകള്‍ എന്നിവയും ലഭ്യമാണ്.