10 ദിവസങ്ങള്‍, 4 രാജ്യങ്ങള്‍, 18000 കിലോമീറ്റര്‍: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം

 
Papa leo

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഏപ്രില്‍ 13നു ആരംഭിച്ച ലെയോ പാപ്പായുടെ പത്തു ദിവസം നീണ്ട ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഒടുവില്‍ സമാപനം. അപ്പസ്തോലിക പര്യടനത്തിലെ നാലാമത്തെ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പാപ്പ ഇന്നു വത്തിക്കാനിലേക്ക് മടങ്ങിയത്. ഇക്വറ്റോറിയൽ ഗിനിയ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നു, മലാബോ സ്റ്റേഡിയത്തിൽ, വിശുദ്ധ ബലിയർപ്പിച്ച്, പാപ്പ വചന സന്ദേശം നൽകി. മുപ്പതിനായിരത്തില്‍പരം വിശ്വാസികൾ വിശുദ്ധ ബലിയിൽ പങ്കെടുത്തു.


യേശുവിന്റ പെസഹ വഴിയായി എല്ലാ ജനതയും തിന്മയുടെ അടിമത്തത്തിൽ നിന്നും മോചിതരാകുന്നുവെന്നും, അതിനാൽ അവിടുത്തെ സ്നേഹം മരണത്തേക്കാൾ ശക്തമാണെന്നു വിശ്വസിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്നു പാപ്പ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ ചോദിച്ചു. അവിടുത്തെ വിശ്വസിക്കാൻ തീരുമാനിക്കുന്നതിലൂടെ നാം ഓരോരുത്തരും ദൈവവും സാധ്യമാക്കുന്ന പ്രത്യാശയെ ജീവിതത്തിൽ തിരഞ്ഞെടുക്കുന്നുവെന്നും പാപ്പ പറഞ്ഞു. കർത്താവിനോട് ചേർന്ന് നിൽക്കുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ അപ്രത്യക്ഷമാകുന്നില്ല. ഓരോ കുരിശും യേശുവിൽ വീണ്ടെടുപ്പ് കണ്ടെത്തുന്നതുപോലെ, സുവിശേഷം നമ്മുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുകയാണെന്നും പാപ്പ പറഞ്ഞു.


2026-ലെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയ സന്ദര്‍ശനമാണ് പാപ്പ നടത്തിയത്. ഏപ്രിൽ 13നാണ് അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്കു പാപ്പ തുടക്കമിട്ടത്.

അൾജീരിയയിലെ അൾജിയേഴ്സ്, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളിലും പരിശുദ്ധ പിതാവ് സന്ദര്‍ശനം നടത്തി.

ഓരോ രാജ്യത്തെയും ഭരണകൂടം രാജകീയ സ്വീകരണമാണ് പാപ്പയ്ക്കു ഒരുക്കിയത്.

1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

Tags

Share this story

From Around the Web