കുംഭമേളയ്ക്ക് ചെലവാക്കുന്നതിന്റെ 0.1% മതി, 150 സ്‌കൂളുകള്‍ പൂട്ടുന്നത് തടയാമായിരുന്നു:  ജസ്റ്റിസ് വരാലെ

 
narendramodi

ന്യൂഡല്‍ഹി: കുംഭമേളയ്ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അതിന്റെ ചെറിയൊരു ഭാഗം വിദ്യാഭ്യാസത്തിന് മാറ്റിവെച്ചിരുന്നെങ്കില്‍ നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ.

കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം മാത്രം വിദ്യാഭ്യാസ മേഖലയ്ക്കായി നല്‍കിയിരുന്നെങ്കില്‍ 100 മുതല്‍ 150 വരെ മറാഠി മീഡിയം സ്‌കൂളുകള്‍ പൂട്ടുന്നത് തടയാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ശിര്‍പൂരില്‍ താന്‍ പഠിച്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ. 

കുംഭമേളയ്ക്കായുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും, ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേള പോലുള്ള കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ജസ്റ്റിസ് വരാലെ വ്യക്തമാക്കി. 

എന്നാല്‍, അതേ തുകയില്‍ നിന്ന് 0.1 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയിലേക്ക് മാറ്റിവെച്ചിരുന്നെങ്കില്‍ 100 മുതല്‍ 150 വരെ മറാഠി മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രധാന പ്രശ്‌നമെന്നിരിക്കെ, സര്‍ക്കാര്‍ പണം ഏത് മേഖലകള്‍ക്ക് എത്രമാത്രം മുന്‍ഗണന നല്‍കി വിനിയോഗിക്കണം എന്ന ചര്‍ച്ചയ്ക്കാണ് ജസ്റ്റിസ് വരാലെയുടെ പരാമര്‍ശം വീണ്ടും വഴിതുറക്കുന്നത്.
 

Tags

Share this story

From Around the Web