ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിച്ച ശുഷ്‌കാന്തി ബജ്രംഗ്ദളിനെതിരേ മൂന്നു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ കാണിക്കാതെ ഛത്തീസ്ഗഡ് പോലീസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിച്ച ശുഷ്‌കാന്തി ബജ്രംഗ്ദളിനെതിരേ മൂന്നു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ കാണിക്കാതെ ഛത്തീസ്ഗഡ് പോലീസ്. ബലാത്സംഗ ഭീഷണിയടക്കം പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയാണ് ഒരു ദിവസം പിന്നിട്ടിട്ടും എഫ്‌ഐആര്‍ അടക്കമുള്ള ഒരു നടപടിയും സ്വീകരിക്കാതെ കാത്തു കിടക്കുന്നത്.
കന്യാസ്ത്രീമാര്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ഇട്ടു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, പെണ്‍കുട്ടികളുടെ പരാതിയില്‍ നിസംഗത തുടരുകയാണ്.
കന്യാസ്ത്രീകള്‍ക്കെതിരേ മൊഴി നല്‍കാനായി ബലാത്സംഗ ഭീഷണിയടക്കം മുഴക്കിയ ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയടക്കമുള്ളവര്‍ക്കെതിരേയാണു പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തുവന്നത്. കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചതിനു പിന്നാലെയാണു പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
പെണ്‍കുട്ടികള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായിട്ടുകൂടി പരാതിക്കാര്‍ക്കെതിരേയുള്ള നടപടി ഇനിയും വൈകുന്നത് ഭരണകൂട ഭീകരതയുടെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീമാര്‍ക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നുമടക്കമുള്ള പരാതിയില്‍ നടപടിയാവശ്യപ്പെട്ടു പെണ്‍കുട്ടികള്‍ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങിയതായി സിപിഐ നാരായണ്‍പുര്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഫൂള്‍ സിംഗ് വെളിപ്പെടുത്തി.
ആദ്യം പരാതി നല്‍കാനായി പട്ടികജാതി - പട്ടിക വര്‍ഗങ്ങള്‍ക്കായുള്ള പോലീസ് സ്റ്റേഷനെ സമീപിച്ചു. അവിടെ പരാതി സ്വീകരിക്കില്ലെന്നു വിശദമാക്കിയ പോലീസുകാര്‍ എസ്പി ഓഫീസിലേക്കു പോകാന്‍ നിര്‍ദേശിച്ചു. പോലീസ് സമാന നിലപാട് തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുവാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.