ദുക്‌റാന തിരുനാളിന് അവധി നല്‍കാതെ ക്രൈസ്തവരെ വഞ്ചിച്ച് സംസ്ഥാന സര്‍ക്കാര്‍ . വോട്ട് ബാങ്ക് രാഷ്ട്രീയം നിര്‍ത്തി സമത്വം ഉറപ്പാക്കണം എന്ന് ആവശ്യം- എഡിറ്റോറിയല്‍

 
THOMAS SLEEHA

ഭാരത ക്രൈസ്തവരുടെ പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായില്‍ സ്ഥാപിതമായ ക്രൈസ്തവ സഭകള്‍ക്ക് ദുക്‌റാന തിരുനാളിന്റെ ദിവസമായ ജൂലൈ മൂന്നിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. വോട്ടിനു വേണ്ടി മറ്റുപല സമുദായങ്ങളും അവധി ചോദിച്ചപ്പോള്‍ നല്‍കിയ സംസ്ഥാന സര്‍ക്കാരിന് ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രധാന തിരുനാള്‍ ആയ ദുക്‌റാന തിരുനാളിന് അവധി നല്‍കാന്‍ മടിയാണ്.

മാത്രമല്ല ജൂലൈ മൂന്നാം തീയതി നിര്‍ബന്ധിത മൂല്യനിര്‍ണയ ക്യാമ്പ് നടത്തി ക്രൈസ്തവ വിശ്വാസികളായ അധ്യാപകരെ അവഹേളിക്കുക കൂടിയാണ് പലപ്പോഴും സര്‍ക്കാര്‍ ചെയ്യുന്നത്.  ക്രൈസ്തവ വിശ്വാസികളായ അധ്യാപകരുടെ ആരാധന സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം പ്രവണതകള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ് .

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ള വിശുദ്ധ തോമാശ്ലീഹായില്‍ സ്ഥാപിതമായ ക്രൈസ്തവ സഭകളാണ് അവധിയെ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നതും എടുത്ത് പറയപ്പെടേണ്ട ഒന്നാണ്. ഇങ്ങനെ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവരുടെ ആവശ്യങ്ങള്‍ക്ക് നേരെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടയ്ക്കുന്നത് . മന്നംജയന്തിക്കും ശ്രീനാരായണഗുരു ജയന്തിക്കും ശ്രീനാരായണ ഗുരു സമാദിക്കും എന്തിന് കര്‍ക്കിടക വാവിന് പോലും അവധി നല്‍കിയ സര്‍ക്കാരാണ് ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനുമേല്‍ കണ്ണടയ്ക്കുന്നത്.

ഇത് ക്രൈസ്തവ സഭകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ദുക്‌റാന തിരുനാളിന് അവധി കൊടുത്താലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ലഭിക്കാനുള്ള വോട്ട് കൃത്യമായി ലഭിക്കും എന്ന ചിന്തയാണ് ഇടത് വലത് സര്‍ക്കാരുകള്‍ ഇത്തരമൊരു രീതി കൈക്കൊള്ളാന്‍ കാരണം . സര്‍ക്കാര്‍ അവധി നല്‍കാതിരിക്കുകയും അല്ലെങ്കില്‍ നിയന്ത്രണ അവധി പോലും നല്‍കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ആരാധന നടത്തുന്നതിനുള്ള അവകാശമാണ് ഇല്ലാതാക്കുന്നത്.

കേരളത്തില്‍ ഏറ്റവും അധികം എയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഉള്ള സീറോ മലബാര്‍ സീറോ മലങ്കര സഭകളില്‍ പെട്ട സ്‌കൂളുകള്‍ക്ക് മാനേജ്‌മെന്റുകള്‍ അവധി നല്‍കുന്നുണ്ടെങ്കിലും അത് റെക്കോര്‍ഡിക്കല്‍ അല്ല . കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന പഴമൊഴി അനുസരിച്ചാണ് സര്‍ക്കാര്‍ അവധി നല്‍കുന്നതെങ്കില്‍ ഇതിനായി വിശുദ്ധ തോമാശ്ലീഹായുടെ കീഴില്‍, അല്ലെങ്കില്‍ വിശ്വാസത്തില്‍ ജീവിക്കുന്ന ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി ഈ ആവശ്യത്തിന് വേണ്ടി പോരാടണം.

ഇത്തരത്തിലുള്ള മതവിവേചനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുകയും വേണം . നാലു വോട്ടിനു വേണ്ടി മതപ്രീണനം നടത്തുന്ന അല്ലെങ്കില്‍ ജാതി പ്രീണനം നടത്തുന്ന സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാന്‍ ആണ് ക്രൈസ്തവ യുവജന സംഘടനകളും കത്തോലിക്ക കോണ്‍ഗ്രസ് പോലുള്ള ആത്മായ സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വര്‍ഗീയ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ദുക്‌റാന തിരുനാള്‍ ആചരിക്കുന്ന ജൂലൈ മൂന്നിന് പൊതു അവധി നല്‍കിക്കൊണ്ട് സമത്വം ഉറപ്പാക്കണം സംസ്ഥാന സര്‍ക്കാര്‍.

വിക്ടര്‍ ജോസഫ്
 

Tags

Share this story

From Around the Web