മുനമ്പംകാരോട് ഈ ചതി വേണമായിരുന്നോ കേന്ദ്ര മന്ത്രി ? 34 വര്‍ഷം കേസ് നടത്തി സ്വന്തം ഭൂമി പണം കൊടുത്ത് വാങ്ങേണ്ട ഗതികേടുണ്ടായ ജനത ഇനി സുപ്രീംകോടതിയില്‍ പോകണമെന്ന് പറയുന്നത് ചതി തന്നെ - എഡിറ്റോറിയല്‍

കൊച്ചി: പുതിയ വഖഫ് നിയമത്തിലൂടെ മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രദേശവാസികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന. സുപ്രീംകോടതിയില്‍ മുനമ്പത്തുകാര്‍ നിയമ പോരാട്ടം തുടരണമെന്ന് മന്ത്രി വ്യക്തമാക്കിയതോടെ മുനമ്പം ജനത കടുത്ത നിരാശയിലാണ്.
വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാര്‍ക്ക് നീതി ലഭിക്കില്ലെന്ന് മന്ത്രി കിരണ്‍ റിജിജു വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്. സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടരണം.
മുനമ്പം പ്രശ്‌നം പരിഹരിക്കുന്നത് വരെ കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി. മുനമ്പത്തേത് സമാന വിഷയത്തിലുള്ള നിരവധി പരാതികളില്‍ ഒന്നു മാത്രമാണ്. ഭേദഗതി കോടതിയില്‍ മുനമ്പത്തുകാര്‍ക്ക് ഗുണം ചെയ്യുമെന്നും നിയമത്തോടെ മുനമ്പം പോലുള്ള കേസുകള്‍ ഇനിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
നിലവില്‍ മുനമ്പത്തെ ആളുകള്‍ കോടതിയില്‍ കേസ് നടത്തുന്നുണ്ടെന്നും കോടതി ആധാരമാക്കുന്ന നിയമങ്ങളിലൊന്ന് ഈ വഖഫ് ഭേദഗതി നിയമമാണെന്നും അതുപ്രകാരം ഈ കുടുംബങ്ങള്‍ക്ക് കോടതിയില്‍ നിന്നൊരു ആശ്വാസം കിട്ടും എന്നും മന്ത്രി പറയുന്നു. 404 ഏക്കറില്‍ താമസിക്കുന്ന ഈ പാവങ്ങള്‍ക്ക് അവരുടെ ഭൂമി റവന്യൂ അധികാരങ്ങളോടെ തിരിച്ചുകിട്ടാന്‍ ഈ നിയമത്തില്‍ ഏത് വകുപ്പാണ് ഉള്ളതെന്ന് വ്യക്തമായ മറുപടി മന്ത്രി നല്‍കിയില്ല.
മന്ത്രിയുടെ വാക്കുകള്‍ കടുത്ത നിരാശയാണ് മുനമ്പം സമരസമിതിക്ക് ഉണ്ടാക്കിയിട്ടുള്ളത്. 1953 മുതല്‍ 87 വരെ 34 വര്‍ഷം കേസ് നടത്തി സ്വന്തം ഭൂമി പണം കൊടുത്ത് വാങ്ങേണ്ട ഗതികേടുണ്ടായ ജനതയാണ് മുനമ്പത്തേത്.
ഇനിയും സുപ്രിംകോടതിയില്‍ കേസുമായി മുന്നോട്ടുപോവണമെന്ന് പറയുന്നത് സമാധാനക്കേട് തന്നെയാണ്. എത്രനാള്‍ ഈ ജനത ഇങ്ങനെ കഴിയും. മുനമ്പത്തുകാര്‍ ആകുലരാണ്. കൂടെയുണ്ടാവുമെന്ന ഉറപ്പുകള്‍ പലരില്‍ നിന്നും കേട്ടതാണ് മുനമ്പത്തുകാര്‍.
നീതി തേടി ഇനിയെത്ര നാള്‍ ഈ പാവങ്ങള്‍ കോടതി കയറണം. ഇത് ചതി തന്നെയായിരുന്നു. പാര്‍ലമെന്റിലും പുറത്തും കേന്ദ്രമന്ത്രി തന്നെ പറഞ്ഞ് മുനമ്പത്ത് പ്രശ്‌ന പരിഹാരം ഉണ്ടായി എന്ന് ഉറപ്പിച്ചാണ്. ആ വാക്കുകളാണ് വിശ്വസിച്ചത്.
ഇനി സംസ്ഥാന സര്‍ക്കാരിലാണ് ഏക പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ വച്ച് അതിലൂടെ ഒരു പരിഹാരമുണ്ടാക്കണം. അതും രാഷ്ട്രീയ ലക്ഷ്യം വച്ച് ഈ പാവം ജനങ്ങളെ പറ്റിക്കരുത്.