നിന്റെ ജീവിതം മധ്യാഹ്‌നത്തെക്കാള്‍ പ്രകാശമേറിയതായിരിക്കും; അതിന്റെ ഇരുട്ട് പ്രഭാതം പോലെയായിരിക്കും. പ്രഭാത പ്രാർത്ഥന

ദൈവകുമാരന്റെ പുണ്യജനനിയായ അമ്മേ... മാതാവേ...
രാവും പകലും ദൈവത്തെ സ്തുതിച്ചു കൊണ്ട് അവിടുത്തെ സന്നിധിയിൽ സദാ വസിക്കുവാനുള്ള അനുഗ്രഹം യാചിച്ചു കൊണ്ട് ജപമാല പ്രാർത്ഥനയുടെ കുറുക്കുവഴിയിലൂടെ അമ്മയോടൊപ്പം ഞങ്ങളും തിരുസുതന്റെ സന്നിധിയണയുന്നു.
മാതാപിതാക്കളുടെ നെഞ്ചോരം ചേർന്നും അവരുടെ കരങ്ങളിൽ മുറുകെ പിടിച്ചും വിദ്യാലയത്തിലേക്കും. ദേവാലയത്തിലേക്കുമൊക്കെ സഞ്ചരിക്കുന്നതു പോലെയാണ് അമ്മയുടെ കരങ്ങൾ കോർത്തു പിടിച്ചു കൊണ്ട് ജപമണിപ്രാർത്ഥനയുടെ സുരക്ഷിത വഴികളിലൂടെ ഞങ്ങൾ യാത്ര ചെയ്യുന്നത്.
യാത്രാമദ്ധ്യേ ചിലപ്പോഴെങ്കിലും ഞങ്ങളെ വേറിട്ടാകർഷിക്കുന്ന ജീവിതത്തിന്റെ പുതുമോടികളിലും. വിവിധ പരീക്ഷണങ്ങളുടെ പൊള്ളുന്ന വെയിലിടങ്ങളിലും. ഉറ്റവരാൽ പരിത്യജിക്കപ്പെട്ട കനൽക്കാടുകളിലും വഴി മറന്ന്.
യാത്ര തുടരാനാവാത്ത നിസംഗതയോടെ. കോർത്തു പിടിച്ചിരുന്ന അമ്മയുടെ കരങ്ങളെ പോലും വിസ്മരിച്ച്. ഞങ്ങൾ പകച്ചു നിന്നിട്ടുണ്ട്. അപ്പോഴൊക്കെയും ഞങ്ങളുടെ കരങ്ങളെ വിട്ടുകളയാതെ ഒരിക്കൽ ചേർത്തു പിടിച്ചിരുന്നതിന്റെ സംരക്ഷണച്ചൂടിനാലും. ഞങ്ങളോടുള്ള അമിതമായ മാതൃവാത്സല്യത്താലും മുന്നോട്ടുള്ള മാർഗം തെളിച്ചു അമ്മ ഞങ്ങളെ വഴി നടത്തുക തന്നെ ചെയ്തു.
പരിശുദ്ധ മാതാവേ. സ്നേഹത്തിന്റെ ഉദാത്തമായ സുകൃതവഴികളെ കളങ്കപ്പെടുത്തുന്ന ഞങ്ങളിലെ തിന്മയുടെ മാലിന്യങ്ങളെ ദൂരെയകറ്റണമേ. ദുർബലമായ ഞങ്ങളുടെ ആത്മശരീരങ്ങളെയും. സ്വയമായി ഒന്നും പ്രവർത്തിക്കാനനുവദിക്കാത്ത ഞങ്ങളിലെ വിരസതയെയും. ദൈവകരുണയുടെ നിത്യപ്രകാശത്താൽ ഉജ്ജ്വലിപ്പിക്കുകയും. വിശുദ്ധിയുടെ കൃപാവരത്താൽ പ്രവർത്തനനിരതമാക്കുകയും ചെയ്യണമേ...
സ്വർലോക രാജ്ഞിയായ പരിശുദ്ധ മറിയമേ... ഞങ്ങൾക്കു വേണ്ടിയും ലോകം മുഴുവനു വേണ്ടിയും പ്രാർത്ഥിക്കേണമേ... ആമേൻ