അങ്ങ് എനിക്കു രക്ഷയുടെ പരിച നൽകി. അവിടുത്തെ വലതു കൈ എന്നെ താങ്ങി നിർത്തി. അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി. പ്രഭാത പ്രാർത്ഥന

 
 jesus christ-64

കരുണാമയനായ ഞങ്ങളുടെ നല്ല ഈശോയേ... അനുദിനം ഞങ്ങളെ കാത്തുപാലിക്കുന്ന അങ്ങേ കാരുണ്യത്തിന് മുൻപിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ വ്യാപരിക്കുവാനുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു. ജീവിതത്തിൽ പലപ്പോഴും പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന വിശ്വാസബോധ്യത്തിൽ നിലനിൽക്കാൻ പരിശ്രമിച്ചിട്ടും.

കഷ്ടതകൾ ഞങ്ങളെ വിടാതെ പിന്തുടരുമ്പോഴും. ദാരിദ്ര്യങ്ങളിലൂടെയും ഞെരുക്കങ്ങളിലൂടെയും കടന്നു പോകേണ്ടി വരുമ്പോഴും. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ വിയോഗങ്ങളിലൂടെ ഈ ലോകജീവിതത്തിൽ ഞങ്ങൾ തനിച്ചാക്കപ്പെടുമ്പോഴും. ജീവിതത്തിലുള്ള വിജയസാധ്യതകളെല്ലാം അവസാന നിമിഷം കൈവിട്ടു പോകുമ്പോഴും.

നിരന്തരമായ മാനസിക പീഡകൾ ഞങ്ങളെ സമ്മർദ്ദത്തിലാക്കുമ്പോഴും ഈ ലോകത്തിനു മുൻപിൽ ഞങ്ങൾ പരിഹാസ്യരായി തീരുന്നതും. വേണ്ടപ്പെട്ടവർ പോലും അങ്ങയോടുള്ള വിശ്വാസത്തിനു പകരമായി എന്തു നേടി എന്ന ചോദ്യത്താൽ നിരന്തരം ഞങ്ങളെ വീർപ്പുമുട്ടിക്കുന്നതും അങ്ങറിയുന്നുവല്ലോ നാഥാ.

കർത്താവേ... ഞങ്ങളിതാ ഏറ്റവുമടുത്ത മനോശരണത്തോടെ അങ്ങയിൽ അഭയം തേടിയണയുന്നു. ഞങ്ങളുടെ കഷ്ടതകളിൽ അവിടുന്ന് ഞങ്ങളുടെ സുനിശ്ചിതമായ പ്രത്യാശയും സാങ്കേതവുമാകണമേ. തളരുമ്പോൾ താങ്ങായി അവിടുത്തെ കരങ്ങളുണ്ടെന്ന ബോധ്യത്താൽ നിരന്തരം ഞങ്ങളെ ശക്തിപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയും ചെയ്യണമേ.

പ്രതിസന്ധികളെ അതിജീവിക്കാനും. പരീക്ഷണങ്ങളെ ആത്മധൈര്യത്തോടെ അഭിമുഖീകരിക്കാനുമുള്ള കൃപ നൽകി അവിടുത്തെ തിരുഹൃദയ സ്നേഹത്തിൽ ഞങ്ങളെ മറച്ചു കൊള്ളുകയും ചെയ്യണമേ... ഈശോയുടെ തിരുഹൃദയമേ... എന്റെന്മേൽ ദയയായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web