നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്. പ്രഭാത പ്രാർത്ഥന
കരുണാമയനായ ഞങ്ങളുടെ നല്ല ഈശോയെ... ഈ പ്രഭാതത്തിൽ ഞങ്ങളുടെ സ്വാകാര്യ ദുഖങ്ങളും സങ്കടങ്ങളും അവിടുത്തെ മുൻപിൽ കാഴ്ചവച്ച് പ്രാർത്ഥിക്കുന്നു. നാഥാ അവിടുന്ന് ഞങ്ങളുടെ മേൽ കരുണയാകണമേ. ചില ദുഃഖങ്ങൾ ഇന്ന് വരെ ആരോടും പറയാൻ ആകാത്തതാണ്. ചിലതാകട്ടെ കുറച്ചു പേർക്ക് മാത്രം അറിയാവുന്നതാണ്.
എങ്കിലും പിതാവേ അവിടുന്ന് എല്ലാം അറിയുന്നുവല്ലോ. ഞങ്ങളുടെ ദു:ഖങ്ങളെ സന്തോഷമാക്കി മാറ്റേണമേ. വലിയ സന്തോഷത്താൽ ഞങ്ങൾ നിറയട്ടെ. ഞങ്ങളുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ മാറ്റി നൽകണമേ. പരിഹസിച്ചവർക്ക് മുൻപിൽ ഒരു അത്ഭുതമായി ഉയർത്തണമേ. നല്ല നാഥാ, സഹനത്തിന്റെ ഈ നാളുകൾ ജീവിത വിശുദ്ധീകരണത്തിനായി ഉപയോഗിക്കുവാൻ കൃപയാകണമേ.
എല്ലാ ദു:ഖങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ തക്കവണ്ണം വിശുദ്ധിയുള്ള ഒരു ഹൃദയം നൽകി അനുഗ്രഹിക്കണമേ. ഓരോ ദിനത്തിലും കൂടുതൽ സന്തോഷം പകരുന്ന വാർത്തകൾ കേൾക്കുവാൻ സഹായിക്കണമേ. എല്ലാ വിധരോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ. ഭൂമിയിലെ ഹ്ര്വസമായ സമയം ദൈവത്തിനായി ഉപയോഗിക്കുവാൻ കഴിയട്ടെ.
സഹജീവികളോട് കരുണയും ദയയും പുലർത്തി കൊണ്ട് ലോകത്തിനു നന്മ ചെയ്യുവാൻ ഈശോയെ അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ വൈവിധ്യങ്ങളായ ജോലിയിൽ ഏർപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരുടെ ജോലി സ്ഥലങ്ങളിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകട്ടെ. പ്രവർത്തി മേഖലകൾ അനുഗ്രഹിക്കപ്പെടട്ടെ. യാത്ര ചെയ്യുന്നവർക്ക് സംരക്ഷണമായ്രിക്കണമേ.
പരിശുദ്ധ ആത്മാവിന്റെ കൃപാ വരങ്ങൾ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങളുടെ കുഞ്ഞു മക്കളെ അനുഗ്രഹിക്കണമേ. പ്രായമായവരെ സംരക്ഷിക്കണമേ. യുവാക്കൾക്ക് നന്മയുടെ പാത കാണിച്ചു നൽകി വഴി നടത്തണമേ. രോഗികൾക്ക് സൗഖ്യവും, പീഡിതർക്ക് മോചനവും നൽകണമേ... പാപികളുടെ സങ്കേതമായ മറിയമേ... പാപികളായ ഞങ്ങൾക്കു നീ മദ്ധ്യസ്ഥയാകേണമേ...... ആമേൻ