നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. പ്രഭാത പ്രാർത്ഥന

പരിശുദ്ധ കന്യകാ മറിയമേ... ദൈവപിതാവിന്റെ ഏറ്റവും അനുഗ്രഹീതമായ വാഗ്ദാനമേ. അങ്ങേയ്ക്കു സ്വസ്തി. പിതാവായ ദൈവത്തിന്റെ ഓമൽകുമാരിയും പുത്രനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയും ഞങ്ങളുടെ ആനന്ദത്തിന്റെ ഏറ്റവുമടുത്ത കാരണവുമായ അവിടുത്തെ ജനനത്താൽ ഞങ്ങളും ഈ ലോകം മുഴുവനും അനുഗ്രഹിക്കപ്പെട്ടുവല്ലോ.
അവിടുത്തെ പരിശുദ്ധ നാമം ഉച്ചരിക്കാതെ ഞങ്ങളുടെ ജീവിതത്തിലെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് അമ്മ അറിയണമേ. അവിടുത്തെ മാതൃസ്നേഹം നിരാശയിൽ ഞങ്ങൾക്കു പ്രത്യാശയും സങ്കടങ്ങളിൽ സന്തോഷവും ആപത്തിൽ തുണയും അസ്വസ്ഥതകളിൽ സ്വസ്ഥതയുമാണല്ലോ.
മക്കൾക്കടുത്ത സ്നേഹത്തിലും വാത്സല്യത്തിലും അവിടുത്തെ അദൃശ്യ സാമിപ്യം എപ്പോഴും ഞങ്ങൾക്കരികിലുണ്ടെന്നും. അതിരുകളില്ലാത്ത അവിടുത്തെ മാധ്യസ്ഥ ശക്തിയാൽ അളവില്ലാത്ത കൃപാവരങ്ങൾ ഞങ്ങളിൽ ചൊരിയപ്പെടുന്നുവെന്നും ഞങ്ങളറിയുന്നു. അമ്മേ. ഈശോയുടെയും ഞങ്ങളുടെയും പ്രിയപ്പെട്ട മാതാവേ. അവിടുന്നു താങ്ങുമ്പോൾ ഞങ്ങൾ വീഴുകയില്ല.
അവിടുന്നു സംരക്ഷിക്കുമ്പോൾ ഞങ്ങൾ ഭയപ്പെടുകയില്ല. അവിടുന്നു നയിക്കുമ്പോൾ ഞങ്ങൾ ക്ഷീണിക്കുകയുമില്ല.
ഈ ലോകമാകുന്ന സമുദ്രത്തിലെ കോളിളക്കങ്ങളിൽ പെട്ട് ഞങ്ങൾ നശിച്ചു പോകാതിരിക്കാൻ അമ്മയുടെ നീലമേലങ്കിയ്ക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കുകയും ജീവിതയാത്രയിലുടനീളം വിശുദ്ധിയിലും പുണ്യപൂർണതയിലും ഞങ്ങൾക്കായി നിലകൊണ്ട് നിത്യസൗഭാഗ്യത്തിന്റെ തുറമുഖത്ത് സുരക്ഷിതരായി ഞങ്ങളെ ചേർത്തടുപ്പിക്കുകയും ചെയ്യണമേ...
ഉദയനക്ഷത്രമായ പരിശുദ്ധ മറിയമേ... ഞങ്ങളുടെ ജീവിതം പ്രത്യാശാപൂർണമാക്കണമേ... ആമേൻ