എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു. പ്രഭാത പ്രാർത്ഥന
സ്നേഹസ്വരൂപനായ ദൈവമേ...
പുതിയൊരു പ്രഭാതം കൂടി ഞങ്ങൾക്കു ദാനമായി നൽകിയ അങ്ങയുടെ സ്നേഹത്തിനു നന്ദിയർപ്പിക്കുന്നതിനോടൊപ്പം ആത്മാവിലും സത്യത്തിലും ഞങ്ങളങ്ങയെ സ്തുതിച്ചാരാധിക്കുന്നു. ജീവിതത്തിൽ കടന്നു പോകേണ്ട വഴികളൊക്കെ അജ്ഞാതമായി തുടരുമ്പോഴും.
കഷ്ടപ്പാടുകളും പരാജയങ്ങളും ഞങ്ങളെ വിടാതെ പിന്തുടരുമ്പോഴും. സമാധാനം കെടുത്തുന്ന വ്യക്തികളാലും സാഹചര്യങ്ങളാലും ഞെരുക്കപ്പെടുമ്പോഴും.
ദൈവകരം ഞങ്ങളോടു കൂടെയുണ്ടെന്നും. അനുഗ്രഹത്തിന്റെ വാതിലുകൾ തീർച്ചയായും ഞങ്ങൾക്കു മുൻപിൽ തുറക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയോടെ ഞങ്ങൾ പ്രാർത്ഥനയിൽ ആശ്രയിക്കാറുണ്ട്. എന്നാൽ ഇതൊക്കെ ദൈവശിക്ഷയാണെന്നും.
ഞങ്ങൾ ജീവിക്കാൻ പഠിച്ചവരല്ലെന്നും. പ്രാർത്ഥന കൊണ്ട് ഇന്നത്തെ കാലത്ത് യാതൊരു ഉപകാരവുമുണ്ടാവില്ലെന്നുമുള്ള പരിഹാസങ്ങളിൽ ചിലപ്പോഴൊക്കെ ഞങ്ങൾ പതറി പോവുകയും. ഒരു നിമിഷത്തേക്കെങ്കിലും ദൈവത്തെ സംശയിച്ചു പോവുകയും ചെയ്യാറുണ്ട്.
ഞങ്ങളുടെ നല്ല ഈശോയേ... ഞങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സംഭവിക്കുന്നതെല്ലാം അങ്ങറിയുന്നു. ഞങ്ങളുടെ ആത്മാവിന്റെ ശക്തി കേന്ദ്രമേ. അങ്ങേക്കെല്ലാം സാധ്യമാണ്.
അങ്ങയുടെ കൃപ ഒന്നു കൊണ്ടു മാത്രമാണ് ഞങ്ങൾ നിലനിന്നു പോകുന്നത്. അതിനാൽ വലിയ സഹനങ്ങൾ അഭിമുഖീ കരിക്കേണ്ടി വരുമ്പോഴും. സംശയങ്ങളാൽ അസ്വസ്ഥരാകുമ്പോഴും അങ്ങയോട് വിശ്വസ്തത പുലർത്താൻ ഞങ്ങളെ സഹായിക്കേണമേ.
ക്ലേശങ്ങളിൽ സഹനശീലവും. നിരാശയിൽ പ്രത്യാശയും. എല്ലാറ്റിലുമുപരി വിശ്വാസത്തിൽ ദൃഢതയും നൽകിയനുഗ്രഹിക്കുകയും.
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള ദൈവത്തിന്റെ കൃപയാലും സമാധാനത്താലും ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്യുമാറാകണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ