എന്റെ നാമം അനുസ്‌മരിക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം ഞാൻ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും. പ്രഭാത പ്രാർത്ഥന
ദിവ്യകാരുണ്യ ഈശോയേ... അത്യധികം മനോശരണത്തോടെ ഈ പ്രഭാതത്തിൽ പരിശുദ്ധ ബലിയർപ്പണത്തിനായി അണയുമ്പോൾ അങ്ങയിൽ ശരണം പ്രാപിക്കുന്നവർ സന്തോഷിക്കുകയും.അവർ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കുകയും ചെയ്യുമെന്ന സങ്കീർത്തന വചനത്തോട് ഞങ്ങളുടെ ആത്മഹർഷങ്ങളും ചേർത്തു വയ്ക്കുന്നു.
ജീവിതത്തിൽ നിരന്തരം പ്രാർത്ഥിക്കുകയും ദിവ്യകാരുണ്യമായി അങ്ങയുടെ സാനിധ്യം ആഗ്രഹിക്കുകയും ചെയ്യുന്നവരായിരുന്നിട്ടും അങ്ങയുടെ സ്നേഹത്തിൽ പൂർണത പ്രാപിക്കാനോ. പൂർണ ഹൃദയത്തോടെ അങ്ങയെ തേടാനോ സാധിക്കാത്ത വിധത്തിൽ ഞങ്ങളുടെ സ്നേഹം ചിലപ്പോഴൊക്കെ സ്വാർത്ഥം അന്വേഷിച്ചു കൊണ്ട് അങ്ങയിൽ നിന്നും ബഹുദൂരം അകന്നു നിൽക്കാറുണ്ട്.
മക്കളുടെ കുടുംബജീവിതത്തിൽ അമിതമായി ഇടപെടുന്ന മാതാപിതാക്കളായും.അയൽക്കാരെയും സുഹൃത്തുക്കളെയും അതിരുവിട്ടു സന്ദർശിക്കുകയും.
അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യ സ്വാതന്ത്ര്യത്തോടെ ഇടപെടുകയും ചെയ്യുന്ന സന്തതസഹചാരികളായും പെരുമാറുന്ന ഞങ്ങളുടെ സ്നേഹവും സാമിപ്യവും പലപ്പോഴും മറ്റുള്ളവരുടെ ജീവിതങ്ങളിൽ ഒരു പ്രശ്നമായി തീരുന്നത് ഞങ്ങൾ തിരിച്ചറിയുന്നില്ല.
ഈശോയേ... ഞങ്ങളുടെ എല്ലാ നന്മപ്രവൃത്തികളെയും.ആഗ്രഹങ്ങളെയും മാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന അങ്ങയുടെ സന്നിധിയിലേക്ക് ഇതാ ഞങ്ങളുടെ ഹൃദയമുയർത്തുന്നു.
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും മാനിക്കുന്ന വിവേകപൂർണമായ സ്നേഹത്താൽ അങ്ങു തന്നെ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും. കറയറ്റ പരസ്നേഹ പ്രവൃത്തികളിലൂടെ സ്വർഗീയ സന്തോഷമനുഭവിക്കാൻ ഞങ്ങൾക്ക് ഇടയാക്കുകയും ചെയ്യണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ