നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവൻ വിശ്വസ്തനാകയാൽ നമ്മുടെ പ്രത്യാശ ഏറ്റു പറയുന്നതിൽ നാം സ്ഥിരതയുള്ളവരായിരിക്കണം. പ്രഭാത പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ... വാഗ്ദാനങ്ങളിൽ വിശ്വസ്തനും പ്രവൃത്തികളിൽ കാരുണ്യവാനുമായ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥനയോടെ ഞങ്ങളണയുമ്പോൾ എല്ലാറ്റിലുമുപരിയായ അവിടുത്തെ സ്നേഹവും പ്രത്യാശയുമേകി ഇന്നേ ദിവസം അങ്ങു തന്നെ ഞങ്ങളെ നയിച്ചരുളണമേ.
ജീവിതത്തിൽ പ്രതികൂലങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോഴും. അലച്ചിലുകളും ആകുലതകളും വർദ്ധിക്കുമ്പോഴും മറ്റുള്ളവരെ ധൈര്യപ്പെടുത്തുകയും ഉപദേശിക്കുകയും ചെയ്യുന്ന ഞങ്ങൾക്ക് പലപ്പോഴും ഞങ്ങളുടെ ജീവിതത്തിലെ ദുരവസ്ഥകളിൽ സ്വയം സമാധാനിക്കാനോ പ്രത്യാശയോടെ ഉണർന്നു പ്രവർത്തിക്കാനോ കഴിയാതെ പോകുന്നു.
കർത്താവേ... ഞങ്ങളുടെ ആത്മാവും പ്രകാശവും ജീവനുമായവനേ. ആകാശവും ഭൂമിയും കടന്നു പോയാലും മാറ്റമില്ലാതെ തുടരുന്ന അവിടുത്തെ വചനങ്ങളിലും വാഗ്ദാനങ്ങളിലും പൂർണമായി വിശ്വാസമർപ്പിക്കാൻ ഞങ്ങൾക്കു കൃപ നൽകണമേ.
അനുകൂലങ്ങളിലും പ്രതികൂലങ്ങളിലും ഞങ്ങളെക്കുറിച്ചുള്ള അവിടുത്തെ പദ്ധതികൾ നിറവേറുന്നതിനു വേണ്ടി പ്രാർത്ഥനയിലും പ്രത്യാശയിലും ആത്മാർത്ഥമായി തുടരാനും. വിശ്വാസത്തോടെ നിലകൊള്ളാനും അങ്ങു തന്നെ ഞങ്ങളെ സഹായിക്കുകയും. അവിടുത്തെ പ്രസാദത്താലും. കരുണയാലും അനുഗ്രഹിക്കപ്പെടാൻ വരമരുളുകയും ചെയ്യണമേ...
നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ