ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. പ്രഭാത പ്രാർത്ഥന

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും ഞങ്ങളുടെ പൂർണശക്തിയും വിശ്വാസവും അങ്ങയിലർപ്പിച്ചു കൊണ്ട് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ആരാധിക്കുന്നു. മഹത്വപ്പെടുത്തുന്നു. ചെറുപ്പം മുതൽ ഞങ്ങളുടെ ആശ്രയവും ആശ്വാസവും അവിടുന്നായിരുന്നു.
എന്നിട്ടും പാതി വഴിയിൽ എപ്പോഴോ ആകുലതകളും രോഗങ്ങളും സങ്കടങ്ങളുമെല്ലാം ഞങ്ങളുടെ മനസ്സിന്റെ താളം തെറ്റിച്ചപ്പോഴും. സഹിച്ചു മടുത്തു എന്ന വിലാപസ്വരം മാത്രം ഞങ്ങളുടെ അധരങ്ങളിൽ നിന്നും പുറപ്പെട്ടു തുടങ്ങിയപ്പോഴും.
വീഴ്ച്ചകളിൽ നിന്നും കരേറ്റപ്പെടാതെ തന്നെ ഞങ്ങൾക്കു മുന്നോട്ടു ജീവിക്കേണ്ടി വന്നപ്പോഴും. ഞങ്ങളുടെ പ്രശ്നങ്ങളിലേക്കു മാത്രം നോക്കി സഞ്ചരിച്ചതുകൊണ്ടാവാം. കൂടുതൽ കരുത്തായും കൃപയായും അങ്ങു ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നത് പലപ്പോഴും ഞങ്ങൾ തിരിച്ചറിയാതെ പോയി.
കർത്താവേ... അവിടുന്നാണെന്റെ ദൈവം... അവിടുന്ന് അനുവദിച്ചു തന്ന ഈ കൊച്ചു ജീവിതത്തിൽ തന്നെ അങ്ങയുടെ ശക്തിയും മഹത്വവും അനുഭവിച്ചറിയാൻ ഞങ്ങൾക്കിടയാക്കണമേ. ജീവിതത്തിലെ ഏതു പ്രതിസന്ധികളുടെ നടുവിലും അവിടുത്തെ കരുണയിൽ ആശ്രയിക്കാനും. അങ്ങയോടുള്ള സ്നേഹത്തിൽ വിശ്വസ്തരായിരിക്കാനും.
പ്രത്യാശയിൽ നിലനിൽക്കാനും ആവശ്യമായ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ