കർത്താവിൽ ആശ്രയിക്കുവിൻ. അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. പ്രഭാത പ്രാർത്ഥന
സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ... ലോകത്തിന്റെ പാപപ്രലോഭനങ്ങളിൽ വീണു പോകാതെയും. തെറ്റായ ജീവിതമാതൃകകളെ അനുകരിക്കാതെയും ഈ ഭൂമിയിൽ ജീവിക്കാനും.
ഞങ്ങൾ അനുകരിക്കുന്ന നോമ്പു കാല പുണ്യങ്ങൾ നിത്യതയിലെത്തുവോളം ഞങ്ങളിൽ ഫലദായകമായി തീരാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.
ജീവിതത്തിലെ സഹനങ്ങളെ ദൈവഹിതപ്രകാരം എന്നു കരുതി സ്വീകരിക്കാൻ തയ്യാറാകുമ്പോഴും. സങ്കടങ്ങളെ വരാനിരിക്കുന്ന മഹത്വത്തോടു സദൃശ്യപ്പെടുത്തി അതിജീവിക്കാൻ പരിശ്രമിക്കുമ്പോഴും പലപ്പോഴും ഒന്നു ചെറുത്തു നിൽക്കാൻ പോലും തയ്യാറാകാതെ ഞങ്ങൾ അതിവേഗം കീഴടങ്ങുന്നതും തോറ്റുപോകുന്നതും ഞങ്ങൾക്കു പാപകാരണമായി തീരുന്ന പ്രലോഭനങ്ങളുടെ മുന്നിലാണ്.
ഈശോനാഥാ... ബലഹീനമായ ഞങ്ങളുടെ മനുഷ്യപ്രകൃതിയുടെ മേൽ കരുണയായിരിക്കേണമേ. ആത്മാവിൽ ജാഗരൂകരായിരിക്കാനും. ആത്മീയ ഉണർവോടെയും. ഭക്തിവിശ്വാസത്തോടെയും നിരന്തരം പ്രാർത്ഥനയിൽ ശക്തി പ്രാപിക്കാനും ഞങ്ങളെ സഹായിക്കണമേ.
തിരുവചന സത്യത്തിലൂടെയും വ്യക്തിസാഹചര്യങ്ങളിലൂടെയും ഞങ്ങൾക്കു നൽകുന്ന മുന്നറിയിപ്പുകളെ യഥോചിതം സ്വീകരിക്കാനും പാപപ്രലോഭനങ്ങളെ അതിജീവിക്കാനും ആത്മാവിന്റെ വരപ്രസാദം നൽകി ഞങ്ങളെ അനുഗ്രഹിച്ചുയർത്തുകയും ചെയ്യണമേ... നീതിമാനെന്ന് വിശുദ്ധ ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ