നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണ്. പ്രഭാത പ്രാർത്ഥന

പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...നശ്വരമായ സന്തോഷങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് അനശ്വരമായ ദൈവകൃപയ്ക്കു വേണ്ടി പ്രയത്നിക്കുവാനുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.
പലപ്പോഴും സാഹചര്യങ്ങളാണ് ഞങ്ങളെ നിശബ്ദമായി സഹിക്കാൻ പഠിപ്പിക്കുന്നത്. അത്രമേൽ സ്നേഹിച്ചവരാൽ പറ്റിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും.
കൂടെയുള്ളവരിൽ നിന്നും ഒറ്റപ്പെടുകയാണെന്നറിഞ്ഞിട്ടും. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തിരസ്കരണങ്ങളേറ്റു വാങ്ങി സ്വയം വഴിമാറി കൊടുക്കേണ്ടി വന്നിട്ടും.
നെഞ്ചു തകരുന്ന നൊമ്പരങ്ങളെ കെടാത്ത ഒരു പുഞ്ചിരിയിൽ ഒളിപ്പിക്കേണ്ടി വന്നിട്ടും. ഞങ്ങളുടെ കവിളിലൂടെയൊഴുകി മറഞ്ഞ ഈ കണ്ണുനീരിനപ്പുറം അങ്ങയുടെ ആനന്ദത്തിന്റെ സമൃദ്ധിയുണ്ടെന്ന വിശ്വാസമാണ് എന്നും ഞങ്ങളെ താങ്ങി നിർത്തിയത്.
ഈശോയേ... പറയുവനേറെയുണ്ടെന്ന മുഖവുരയോടെ അങ്ങയുടെ അരികിൽ പ്രാർത്ഥിക്കാൻ വന്നണഞ്ഞിട്ടും ഞങ്ങൾക്കൊന്നും അങ്ങയോട് പറയാൻ കഴിയുന്നില്ലെങ്കിൽ.
ആത്മാവ് സന്നദ്ധമെങ്കിലും ഇന്നും ഞങ്ങളുടെ ശരീരം ബലഹീനമാണ് നാഥാ. ഒരു നിമിഷമെങ്കിലും അങ്ങയുടെ തിരുമുൻപിൽ മനസ്സു തുറന്നു ഞങ്ങളെ പൂർണമായും പങ്കുവയ്ക്കുവാനും. അങ്ങയുടെ മിഴിയാഴങ്ങളിലെ സന്തോഷത്തിന്റെ പൂർണതയിൽ ഞങ്ങളെ സമർപ്പിക്കുവാനും സഹായമരുളേണമേ.
അപ്പോൾ ഞങ്ങളുടെ ഹൃദയത്തിലും ദൈവസ്നേഹത്തിന്റെ നീർച്ചാലുകൾ അനുസ്യൂതം ഒഴുകുക തന്നെ ചെയ്യും... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ