തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്. പ്രഭാത പ്രാർത്ഥന
ദിവ്യകാരുണ്യ ഈശോയേ... ഞങ്ങളുടെ ശക്തിയുടെയും സ്നേഹത്തിന്റെയും ഉറവിടമേ. അശാന്തിയുടെ നിണമണിഞ്ഞ പ്രഭാതങ്ങളാൽ ആശങ്കാകുലരും അസ്വസ്ഥരുമാകുന്ന ഞങ്ങളുടെ ഈ നാളുകളിൽ ലോകം മുഴുവനെയും അങ്ങയുടെ കരുണയാൽ ആവരണം ചെയ്യണമേ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ തിരുസന്നിധിയിൽ അഭയം പ്രാപിച്ചണയുന്നു.
അനുദിന യാത്രയിലെ കടമകളെ ശരിയായി നിറവേറ്റാനാകാതെ മാധുര്യം കുറഞ്ഞു പോയ ഞങ്ങളുടെ ജീവിതങ്ങളുടെയും. ഉദാരമായ പ്രവർത്തനങ്ങളാൽ സമ്പന്നമാക്കപ്പെടാതെ ചൈതന്യം കെട്ടുപോയ ഞങ്ങളിലെ ആത്മീയ കൃപകളുടെയും മടുപ്പും വിരസതയും പേറി ഞങ്ങളവിടുത്തെ ബലിയർപ്പണവേദിയെ സമീപിക്കുമ്പോൾ സ്നേഹം ബലിയായി തീരുന്ന പരിശുദ്ധ ബലിയർപ്പണത്തിൽ പൂർണമായി പങ്കുചേരാനാകാതെ ഞങ്ങളുടെ ഹൃദയങ്ങൾക്ക് ഇന്നും ഒരു മിഴിദൂരമകലെ വേറിട്ടു നിൽക്കേണ്ടി വരുന്നത് ഞങ്ങളുടെ ഭക്തിസമർപ്പണത്തിലെ സ്നേഹശൂന്യത കൊണ്ടു തന്നെയാണ്.
ഈശോയേ... അങ്ങയോടുള്ള സ്നേഹത്തിൽ സ്ഥിരതയില്ലാത്തതിനാൽ ആത്മീയതയിലും ജീവിതത്തിലും ആഴങ്ങൾ തേടാനാകാതെ ഇന്നും വിദൂരതയിലൂടെ മാത്രം സഞ്ചരിക്കുന്ന ദൂരസ്ഥരെ പോലെയാണു ഞങ്ങൾ. നിഷ്‌ക്രിയമായ സ്വയം പ്രവർത്തികളിലൂടെയല്ല. മിഴി പൂട്ടി പ്രാർത്ഥനയിലാരംഭിച്ചും. ദിവ്യകാരുണ്യ സാനിധ്യത്തിൽ നിന്നും കൃപകൾ സ്വീകരിച്ചും ജീവിതത്തിൽ അനുസ്യൂതം തുടരുന്ന പരസ്നേഹ പ്രവർത്തനങ്ങളിലൂടെ എന്നും ഉണർവുള്ളവരായിരിക്കാനും. അങ്ങനെ അവിടുത്തെ സന്നിധിയിൽ സ്വീകാര്യരായിരിക്കാനും അങ്ങു ഞങ്ങളെ അനുഗ്രഹിക്കണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ