നീതിയില്‍ നീ സുസ്‌ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല. പ്രഭാത പ്രാർത്ഥന

സ്നേഹ സ്വരൂപനായ ഞങ്ങളുടെ നല്ല ദൈവമേ... അവിടുത്തെ അളവില്ലാത്ത കരുണയിലും അചഞ്ചലമായ സ്നേഹത്തിലും ആശ്രയിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളണയുന്നു.
ചില കഠിനമായ പ്രഹരങ്ങളിൽ ഞങ്ങളുടെ ജീവിതം ഉലയുമ്പോൾ. വേർപാടുകളിൽ തളരുമ്പോൾ. സഹനങ്ങൾ ഞങ്ങളുടെ ശക്തിക്കതീതമാകുമ്പോൾ. പ്രാർത്ഥനകൾക്കും പ്രതിസന്ധികൾക്കും മുൻപിൽ അവിടുന്നു നിശബ്ദനാകുമ്പോൾ.
ഒന്നു പിടിച്ചു നിൽക്കാനുള്ള ഇടമോ താങ്ങി നിർത്താൻ കരങ്ങളോ ഇല്ലാതെ വരുമ്പോൾ യഥാർത്ഥത്തിൽ അവിടുന്നു ഞങ്ങളെ സ്നേഹിക്കുന്നുവോ എന്ന തോന്നൽ അത്രമേൽ ഞങ്ങളുടെ നിലനിൽപ്പിനെ അലട്ടാറുണ്ട്. കർത്താവേ... കനിവാർന്ന അവിടുത്തെ സ്നേഹത്താൽ ഞങ്ങളെ അങ്ങു പൊതിഞ്ഞു പിടിക്കണമേ.
ഞങ്ങളുടെ സകല ദുഃഖ സഹനങ്ങളിലും ഞങ്ങളെ തനിച്ചാക്കാതെ അവിടുന്നു ഞങ്ങളോടൊപ്പം കടന്നു പോവുകയും ഞങ്ങളെ താങ്ങി നിർത്തുകയും ചെയ്യുന്നുവെന്നുള്ള വലിയ മനോബലത്തിൽ ഞങ്ങളെ അങ്ങു ശക്തീകരിക്കണമേ.
അവിടുത്തെ ശാശ്വതമായ സ്നേഹത്തിന്റെ നിറവിലും കാരുണ്യത്തിന്റെ സമൃദ്ധിയിലും ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി സംരക്ഷിച്ചരുളുകയും ചെയ്യണമേ... അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ