ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. പ്രഭാത പ്രാർത്ഥന

പരമപരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...
ജീവിതത്തിന്റെ സായന്തനങ്ങളെ അനുഗ്രഹമാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ടും. എല്ലാ വായോധികരെയും അവിടുത്തെ തിരുഹൃദയത്തണലിൽ സമർപ്പിച്ചു കൊണ്ടും ഞങ്ങളവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു.
ഒരു ജീവിതകാലത്തെ കൈപിടിച്ചു മുന്നോട്ടു നടത്തിയവരായിരുന്നിട്ടും. സ്വന്തം കുടുംബത്തിന്റെ കാവലും കരുതലുമായിരുന്നിട്ടും.മക്കളുടെ സ്വപ്നങ്ങൾക്കു ചിറകുകളേകാൻ അഹോരാത്രം കഷ്ടപ്പെട്ടവരായിരുന്നിട്ടും.
വാർദ്ധക്യത്തിന്റെ അവശതകൾക്കൊടുവിൽ അവഗണനയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്നവരായി മാറിയവർ ഇന്നും ഞങ്ങളിലും. ഞങ്ങൾക്കു ചുറ്റിലുമുണ്ട്.
ഈശോനാഥാ... ഞങ്ങളുടെ വൃദ്ധമാതാപിതാക്കളുടെ തളർച്ചകളിൽ താങ്ങാകുന്ന കരങ്ങളാകാനും. തകർച്ചകളിൽ കരുതലേകുന്ന സാനിധ്യമാകാനും. അവരുടെ ദിനങ്ങളെ സമാധാനപൂർണമാക്കുന്ന കനിവിന്റെ വിരൽസ്പർശമാകാനുമുള്ള കൃപ നൽകണമേ.
അപ്പോൾ ഞങ്ങളുടെ ഹൃദയമില്ലാത്ത വാക്കുകളേക്കാൾ. വാക്കുകൾ മാത്രല്ലാത്ത പ്രവൃത്തികളാൽ അവരുടെ ജീവിതം അർത്ഥപൂർണമാക്കാനുള്ള അനുഗ്രഹം ഞങ്ങളും സ്വായത്തമാക്കുക തന്നെ ചെയ്യും...
അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ