അവിടുത്തെ നോക്കിയവർ പ്രകാശിതരായി. അവർ ലജ്ജിതരാവുകയില്ല. പ്രഭാത പ്രാർത്ഥന

ദിവ്യകാരുണ്യ നാഥാ... എല്ലാ സ്തുതികൾക്കും ഏറ്റവും യോഗ്യനും. ഞങ്ങളുടെ ശക്തിയുടെ ഉറവിടവുമായ അങ്ങയിൽ ഞങ്ങളുടെ പൂർണ വിശ്വാസമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളങ്ങയെ ആരാധിച്ചു വണങ്ങുന്നു.
ഉരുകുന്ന മനസ്സാണ് അങ്ങേയ്ക്കു സ്വീകാര്യമായ ബലിയെന്നും. നുറുങ്ങിയ ഹൃദയങ്ങളെ അങ്ങ് ഉപേക്ഷിക്കുകയില്ലെന്നും ഞങ്ങളറിയുന്നു. എങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കൊടുങ്കാറ്റിൽ ഞങ്ങളുടെ ജീവിതം വല്ലാതെ ഉലയുന്നതും.
ഞങ്ങളുടെ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും എതിരായ വിപരീത ഫലങ്ങൾ വന്നു ചേരുന്നതും. ഞങ്ങളുടെ സംരക്ഷകരായിരിക്കേണ്ടവരിൽ നിന്നു തന്നെ മോശപ്പെട്ട ജീവിതാനുഭവങ്ങൾ ഉണ്ടാകുന്നതും പലപ്പോഴും ഞങ്ങളെ ദുർബലരാക്കുകയും.
എന്തിനും ഏതിനും ഏറ്റവുമടുത്ത വിശ്വാസത്തോടെയും പ്രത്യാശയോടെയും അവിടുത്തെ സമീപിക്കാനുള്ള ഞങ്ങളുടെ മനോധൈര്യത്തെ കെടുത്തി കളയുകയും ചെയ്യുന്നു.
ഈശോയേ... ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. അവിടുന്നു തന്നെ ഞങ്ങളെ ശാന്തരാക്കണമേ. ഞങ്ങളെ സഹായിക്കാനും. എല്ലാ വീഴ്ച്ചകളിൽ നിന്നും കരം പിടിച്ചുയർത്താനും അങ്ങു ഞങ്ങളുടെ കൂടെയുണ്ടാവണേ.
ഞങ്ങൾക്കായ് കരുതുവാനും. ഭാരങ്ങൾ ഏറ്റെടുക്കുവാനും സദാ സന്നദ്ധനായി അങ്ങ് അരികിലുണ്ടെന്ന വിശ്വാസത്താൽ ദിനവും ശക്തി പ്രാപിക്കാനും അതുവഴി ഞങ്ങളുടെ ജീവിതങ്ങളും പ്രകാശിതമാകാനും അവിടുന്ന് ഞങ്ങളിൽ കൃപ ചൊരിയണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ... ആമേൻ