അവിടുത്തെ നോക്കിയവർ പ്രകാശിതരായി. അവർ ലജ്ജിതരാവുകയില്ല. പ്രഭാത പ്രാർത്ഥന

അനന്തനന്മസ്വരൂപനായ ഞങ്ങളുടെ ദൈവമേ... അങ്ങയുടെ തിരുനാമത്തെ അറിയുവാനും മഹത്വപ്പെടുത്തുവാനുമുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിനെയോർത്ത് ഈ പ്രഭാതത്തിൽ അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു.
ഞങ്ങളുടെ ജീവിതം മറ്റുള്ളവരോടുള്ള കടമകളാൽ നിയന്ത്രിക്കപ്പെടുമ്പോഴും. ഒഴിവാക്കാനാവാത്ത ബാധ്യതകളാൽ ആത്മാഭിമാനത്തിനു മുറിവേറ്റവരായി ജീവിക്കേണ്ടി വരുമ്പോഴും.
സംരക്ഷകരാകേണ്ടവരുടെ നിസംഗതായാലും നിരുത്തരവാദിത്ത പരമായ പെരുമാറ്റങ്ങളാലും ജീവിതം ഞങ്ങളെ വല്ലാതെ ഭാരപ്പെടുത്തുമ്പോഴും ഞങ്ങൾക്കു ചുറ്റും പടരുന്ന അന്ധകാരത്തിൽ മനസ്സു മാത്രമല്ല ജീവിതവും ചിലപ്പോഴൊക്കെ ഭയത്തിനും നിരാശയ്ക്കും മുന്നിൽ കീഴടങ്ങാറുണ്ട്.
ഞങ്ങളുടെ നല്ല ഈശോയേ... കരുണയുടെയും സ്നേഹത്തിന്റെയും ഉറവ വറ്റാത്ത അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളിതാ അഭയം തേടിയണയുന്നു. ജീവിതം ഞങ്ങൾക്കെന്നും നിരാശ നിറഞ്ഞ ഒരനുഭവം മാത്രമായി തീരുമ്പോഴും.
അശാന്തിയുടെ തിരമാലകളാൽ ഞങ്ങൾ വലയം ചെയ്യപ്പെടുമ്പോഴും ഞങ്ങളെ കരം പിടിച്ചുയർത്താൻ അങ്ങ് കൂടെയുണ്ടാവണേ നാഥാ. ഞങ്ങളുടെ തകർന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുകയും.
സഹനങ്ങളെ വിശുദ്ധീകരിക്കുകയും. സങ്കടങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യണേ. എല്ലാറ്റിലുമുപരി ഞങ്ങളുടെ ജീവിതത്തെ അന്ധകാരത്തിൽ നിന്നും മോചിപ്പിക്കുകയും പ്രാണനെ തണുപ്പിക്കുന്ന അങ്ങയുടെ സമാധാന സമൃദ്ധിയാൽ ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ...
പരിശുദ്ധനായ ദൈവമേ... പരിശുദ്ധനായ ബലവാനേ... പരിശുദ്ധനായ അമർത്യനേ... ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ... ആമേൻ