തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്. ഹൃദയപരമാർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക് കർത്താവു സമീപസ്ഥനാണ്. പ്രഭാത പ്രാർത്ഥന

 
jesus

ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ...

ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ പ്രകീർത്തിക്കുകയും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ വ്യക്തി ജീവിതത്തിൽ അടുപ്പമുള്ള അനേകം സുഹൃത്ത് ബന്ധങ്ങളുണ്ടെങ്കിലും ആത്മാർത്ഥമായി കൂടെ നിൽക്കുന്നവർ ഇന്ന് വളരെ കുറവായിരിക്കും. ഞങ്ങളുടെ സ്നേഹിതന്റെ ഉള്ളിലൊരു നോവുണ്ട് എന്നറിഞ്ഞിട്ടും ഞങ്ങളുടെയുള്ളിൽ ആ നോവിന്റെ ഒരു ചെറുകണിക പോലും പ്രതിഫലിക്കാത്തതും.

അത്രമേൽ ശക്തമായ ഒരാത്മബന്ധത്തിന്റെ ഇത്തിരി സ്പർശം പോലും ഏൽക്കാത്തതുമായ വെറും ബന്ധത്തിന്റെ പുറം മോടികൾ. പരസ്പരം കാണുമ്പോഴുള്ള സ്നേഹാന്വേഷണത്തിനു പുറമേ യാതൊരടുപ്പവും ഹൃദയത്തിൽ സൂക്ഷിക്കാത്തവർ.

ഈശോയേ... അവിടുത്തെ ചിന്തയിൽ വരാൻ മാത്രം ഞങ്ങൾക്ക് യാതൊരു മേന്മയും ഇല്ലാതിരുന്നിട്ടും. അവിടുത്തെ പരിഗണന ലഭിക്കാനുള്ള യാതൊരർഹതയും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ നെടുവീർപ്പുകൾ പോലും ശ്രവിക്കുകയും.

ഞങ്ങളുടെ മിഴിനീർ കണങ്ങളെ ശേഖരിക്കുകയും ചെയ്തു കൊണ്ട് അത്രമേലാർദ്രമായ പരിഗണനയാൽ ഞങ്ങളെ അങ്ങയുടെ ഉള്ളം കൈയ്യിൽ സൂക്ഷിക്കുന്നുവല്ലോ. ഞങ്ങളും ആത്മാർത്ഥമായി ബന്ധങ്ങളെ പരിഗണിക്കാനും. നിസ്വാർത്ഥമായി അവയെ ഹൃദയത്തിൽ സൂക്ഷിക്കാനുമുള്ള അനുഗ്രഹം നൽകണമേ.

അപ്പോൾ ഏതു നോവിന്റെ ഉൾക്കനലിലും ഹൃദയപരമാർത്ഥതയോടെ അങ്ങയെ വിളിച്ചപേക്ഷിക്കാനും. അവിടുത്തെ ഹൃദയസ്ഥാനത്തിന് സമീപസ്ഥരായിരിക്കാനും ഞങ്ങൾക്കും സാധിക്കുക തന്നെ ചെയ്യും... ഈശോയുടെ ദിവ്യഹൃദയമേ... എൻ്റെമേൽ കൃപചെയ്യണമേ... ആമേൻ

Tags

Share this story

From Around the Web