ഇതായിരിക്കും നിങ്ങൾക്ക് അടയാളം. പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. പ്രഭാത പ്രാർത്ഥന

 
 jesus christ-58

ഞങ്ങളുടെ കർത്താവായ ഈശോയേ... ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. തലമുറകളുടെ പ്രാർത്ഥനയിലും പ്രത്യാശയിലുമുള്ള രക്ഷയുടെ കാത്തിരിപ്പിനു വെളിച്ചമേകിയ അങ്ങയുടെ മുഖപ്രകാശത്താൽ ഞങ്ങളുടെ ജീവിത പാതകളെയും പ്രകാശിതമാക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

ഈ പിറവിത്തിരുന്നാളിന്റെ ആനന്ദവും ആഘോഷവുമൊന്നും ഞങ്ങൾക്കുള്ളതല്ല എന്ന തോന്നലിൽ ഞങ്ങളുടെ ജീവിതം ചിലപ്പോൾ അസാധാരണമായ ചില പ്രതിസന്ധികളെയോ പ്രിയപ്പെട്ടവരുടെ വേർപാടുകളെയോ നേരിടുകയായിരിക്കാം.

അല്ലെങ്കിൽ മാനസികമായും സാമ്പത്തികമായുമുള്ള ചില അരക്ഷിതാവസ്ഥകളിലൂടെയോ ദുഃഖപീഡകളിലൂടെയോ കടന്നു പോവുകയുമാവാം. ഉണ്ണീശോയേ...

ഞങ്ങളെ രക്ഷിക്കണമേ. വേദനിക്കുന്നവരും ഭാരം ചുമക്കുന്നവരും പീഡിതരും ദരിദ്രരുമായ ഞങ്ങളിൽ അവിടുത്തെ രക്ഷയുടെ കനിവും ആശ്വാസവുമരുളണമേ. അവിടുത്തെ ആനന്ദത്തിന്റെ പൂർണതയിലും ശാശ്വതമായ സമാധാനത്തിലും ഈ എളിയവരുടെ ഹൃദയത്തിലും ജീവിതത്തിലും വന്നു പിറക്കുവാൻ അവിടുന്നു തിരുവുള്ളമായിരിക്കുകയും ചെയ്യണമേ...

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web