അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക്‌ ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം. പ്രഭാത പ്രാർത്ഥന

 
jesus christ-63

നീതിസൂര്യനായ ഞങ്ങളുടെ നല്ല ഈശോയേ... ദൈവീക സ്നേഹത്തിന്റെ ദിവ്യരശ്മികൾ കൊണ്ട് ഞങ്ങളുടെ ഹൃദയം വിശുദ്ധീകരിക്കപ്പെടാനും. നിന്നോടുള്ള സ്നേഹത്താൽ അനുനിമിഷം കത്തിയെരിയാനുമുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളണഞ്ഞിരിക്കുന്നു.

പലപ്പോഴും ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും തകരാറുകളും ഞങ്ങളുടെ കൂടെയുള്ളവരുടെ കുഴപ്പം കൊണ്ട് സംഭവിക്കുന്നതാണ് എന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളിലേറെയും.

ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെട്ടതും. ഞങ്ങളുടെ ജീവിതത്തിൽ ദുരിതങ്ങൾ വന്നു ചേർന്നതും. എവിടെയും എത്തിപ്പെടാതെ ഞങ്ങളുടെ ജീവിതം ഇന്നും മറ്റുള്ളവർക്കു മുന്നിൽ പരിഹാസ്യമായി തീർന്നതും നീ കാരണമാണ്. എന്ന് ഓരോ നിമിഷവും കൂടെയുള്ളവരെ കുറ്റപ്പെടുത്തി.

അവരെ മാനസികമായി തളർത്തി സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ഞങ്ങളിലൂടെ വന്നു പോയ വീഴ്ചകളെ തിരയാൻ ഞങ്ങൾ ശ്രമിക്കാറില്ല. അങ്ങനെ ഒരുനിമിഷം ചിന്തിക്കാനുള്ള ക്ഷമ പോലും കാണിക്കാറുമില്ല. ഈശോയേ... മറ്റുള്ളവരുടെ മുൻപിൽ സ്വയം വിലമതിക്കപ്പെടാനാഗ്രഹിക്കുന്ന ദുരാശയിൽ നിന്നും ഞങ്ങൾ വിമുക്തരാക്കപ്പെടാനും.

കരുണയും സ്നേഹവും നിറഞ്ഞ മാനുഷികഭാവത്തെ ഉള്ളിലുറപ്പിക്കാനും ഞങ്ങളെ സഹായിക്കേണമേ. അപ്പോൾ ആത്മാവിന്റെ ഫലങ്ങളായ സ്നേഹവും സമാധാനവും സന്തോഷവും ഞങ്ങളുടെ ഹൃദയബന്ധങ്ങളിലും പ്രവർത്തന പുണ്യവരങ്ങളായി പ്രശോഭിക്കുക തന്നെ ചെയ്യും...

അങ്ങയുടെ വത്സല പുത്രന്റെ സന്നിധിയിൽ മക്കൾക്കുവേണ്ടി ആഗ്രഹിച്ചു കാത്തിരിക്കുന്ന സകലർക്കുംവേണ്ടി അമ്മ അപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web