അതുകൊണ്ട്, നടുന്നവനോ നനയ്‌ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. പ്രഭാത പ്രാർത്ഥന
കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ആരാധിക്കുന്നു. നന്ദി പറയുന്നു. ഇന്നേ ദിനം അങ്ങയോടു ചേർന്നിരിക്കാനും അവിടുത്തെ ഹിതം മാത്രം അന്വേഷിക്കാനുമുള്ള കൃപ നിറച്ചു അവിടുത്തെ സ്നേഹത്തിൽ ഞങ്ങളെ നയിക്കണമേ.
അനുദിന ജീവിത നന്മകളിൽ അവിടുത്തെ സാനിധ്യം തിരിച്ചറിഞ്ഞും പരാജയങ്ങളിൽ അവിടുത്തെ കരങ്ങളിൽ ആശ്വാസം തേടിയും മുന്നോട്ടു നീങ്ങാൻ പരിശ്രമിക്കുന്നവരാണല്ലോ ഞങ്ങൾ. എന്നാൽ ജീവിതത്തിലെ ചില കുറവുകളിൽ. കഴിവുകേടുകളിലൊക്കെ ചുറ്റുമുള്ളവർ ഞങ്ങളെ കൈയ്യൊഴിഞ്ഞേക്കാം.
ചില പരീക്ഷണങ്ങളിൽ. പ്രതിസന്ധികളിലൊക്കെ ജീവിതം തകർന്നടിഞ്ഞു പോകുമോ എന്ന ഭയം ഞങ്ങളെ ഭാരപ്പെടുത്തിയേക്കാം. കൂടെ ജീവിക്കുന്നവർക്കു പോലും ഞങ്ങളുടെ അഴലുകളോ. ആധികളോ മനസിലാക്കാൻ കഴിഞ്ഞുവെന്നും വരില്ല. കർത്താവേ... കരുണയോടെ ഞങ്ങളുടെ ദുരിതങ്ങളെ അങ്ങു കാണേണമേ.
ഞങ്ങളുടെ യാതനകളെ ശ്രദ്ധിക്കേണമേ. ഞങ്ങളുടെ ഏതൊരവസ്ഥയിലും അങ്ങു ഞങ്ങളെ കാണുന്നുണ്ടെന്നും. ഉള്ളം കൈയ്യിൽ ഞങ്ങളെ കരുതുന്നുണ്ടെന്നുമുള്ള ഹൃദയാശ്വാസത്തിൽ ഞങ്ങളെ സമാധാനിപ്പിക്കേണമേ. അവിടുത്തെ നന്മയിലേക്കും ശാശ്വതരക്ഷയിലേക്കും ഞങ്ങളുടെ ജീവിതങ്ങളെ അനുഗ്രഹിച്ചണയ്‌ക്കുകയും ചെയ്യണമേ... ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ