അതുകൊണ്ട്‌, മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിന്റെയും അടിസ്ഥാനം. പ്രഭാത പ്രാർത്ഥന

 
prayer

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഓരോ പ്രഭാതത്തിലും ഞങ്ങൾക്കായി നൽകുന്ന എല്ലാറ്റിലുമുപരിയായ അവിടുത്തെ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞു കൊണ്ട് തിരുസന്നിധിയിൽ ഞങ്ങളണയുന്നു. ഇന്നേ ദിനമുള്ള എല്ലാ കാര്യങ്ങളിലും അങ്ങു കൂടെയുണ്ടെന്ന വിശ്വാസത്തിൽ. തിരുഹിതം പോലെ എല്ലാം നടക്കട്ടെ എന്ന പ്രാർത്ഥനയോടെയും അവിടുന്നു തെളിച്ചു നൽകുന്ന വഴിയേ ചരിക്കാൻ അങ്ങു തന്നെ ഞങ്ങളെ സഹായിക്കണമേ.

ഞങ്ങളുടെ ആഗ്രഹമോ പ്രയത്നമോ അല്ല അവിടുത്തെ ദയയാണ് ഓരോ ദിനവുമുള്ള ഞങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം. ഒരുപക്ഷേ അസ്സഹനീയമായ ചുറ്റുപാടുകളാൽ കുടുംബ ജീവിതത്തിൽ ഞങ്ങളേറെ ഞെരുക്കപ്പെടുന്നുണ്ടാവാം. ചില നിസ്സഹായതകളും നിസാരതകളും കൊണ്ട് ജോലി സാഹചര്യങ്ങളിൽ സമ്മർദ്ദമനുഭവിക്കേണ്ടി വരുന്നുണ്ടാവാം. ചില ഇല്ലായ്മകളിലും കുറവുകളിലും പെട്ട് സമൂഹ സൗഹൃദ ബന്ധങ്ങളിൽ ഞങ്ങൾ ഒറ്റപ്പെട്ടു പോവുകയും ചെയ്തിരിക്കാം.

കർത്താവേ ആകാശത്തിനു മേൽ ഉയർന്നു നിൽക്കുന്ന അവിടുത്തെ കാരുണ്യത്താൽ ഞങ്ങളെ പൊതിയണമേ. ഏതൊരു മടുപ്പിക്കുന്ന ദുഃഖത്തിലും മരവിപ്പിക്കുന്ന കഷ്ടാനുഭവങ്ങളിലും അവിടുത്തെ അനുകമ്പാർദ്രമായ ആശ്വാസവും അഭയവുമേകി ഞങ്ങളെ താങ്ങേണമേ.

ഭൂമിയിലെങ്ങും നിറഞ്ഞു നിൽക്കുന്ന അവിടുത്തെ മഹത്വത്തിന്റെ പൂർണതയിലും നന്മയുടെ സമൃദ്ധിയിലും ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി രക്ഷിക്കുകയും ചെയ്യണമേ... അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായേ... ഞങ്ങൾക്കു വേണ്ടി പ്രാർത്തിക്കണമേ... ആമേൻ

Tags

Share this story

From Around the Web