കര്‍ത്താവിന്റെ പദ്‌ധതികള്‍ ശാശ്വതമാണ്‌;അവിടുത്തെ ചിന്തകള്‍ തലമുറകളോളംനിലനില്‍ക്കുന്നു.  പ്രഭാത പ്രാർത്ഥന

 
 jesus christ-63

കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ...

ഓരോ രാത്രികളിലും ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുകയും. പ്രഭാതത്തിൽ അങ്ങയുടെ സാനിധ്യം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും.

പ്രാർത്ഥനയിലും ഭക്തിയിലുമൊക്കെ മുൻപിലായിരുന്നാലും വീട്ടിൽ ചെന്നു കയറിയാൽ ഒരു സമാധാനവും ലഭിക്കില്ല എന്ന കാരണത്തെ കൂട്ടുപിടിച്ച് രാവേറെ വൈകുവോളവും സുഹൃത്തുക്കൾക്കൊപ്പമോ. മറ്റു വിനോദോപാധികൾക്കൊപ്പമോ സമയം ചിലവഴിക്കുന്നവരാണ് ഞങ്ങളിൽ പലരും.

ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും പോരായ്മകൾ കണ്ടു പിടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു പങ്കാളിയും. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ബഹളമുണ്ടാക്കുകയും.പരസ്പരം വഴക്കടിക്കുകയും ചെയ്യുന്ന മക്കളും.

പ്രായത്തിന്റെ അവശതകൾക്കിടയിലും. തങ്ങളെ അലട്ടുന്ന രോഗങ്ങൾക്കിടയിലും വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട്ടുന്നില്ലെന്നു പരാതി പറയുന്ന മാതാപിതാക്കളും അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്താത്തിടത്തോളം ഞങ്ങളുടെ ജീവിതത്തിന് ഒരു സമാധാനവുമുണ്ടാവില്ല എന്നു വിലപിച്ചു കൊണ്ടേയിരിക്കുമ്പോൾ സ്വയം ശൂന്യമായ സ്നേഹഭാവം പലപ്പോഴും ഞങ്ങളിൽ നിന്നും അന്യമായി പോകുന്നു എന്നു ഞങ്ങൾ തിരിച്ചറിയുന്നേയില്ല.

ഈശോയേ... ഞങ്ങൾക്കു വേണ്ടി. ഞങ്ങളുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ഞങ്ങൾക്കു ചുറ്റുമുള്ളവർ മാറണമെന്ന് ആഗ്രഹിക്കാതെ. അവരായിരിക്കുന്ന അവസ്ഥയിൽ അവരെ സ്നേഹിക്കാനും. അംഗീകരിക്കാനും കഴിയുന്ന പക്വതയും പാകതയുമുള്ള ഒരു മനസ്സ്‌ ഞങ്ങൾക്കു കൽപ്പിച്ചു നൽകണമേ.

അപ്പോൾ മൂഢവും ബാലിശവുമായ വാദപ്രതിവാദങ്ങളിലോ. നിസ്സഹകരണ മനോഭാവത്തിലോ ഏർപ്പെട്ടു പരസ്പരം കലഹപ്രിയരായിരിക്കാതെ. എല്ലാവരെയും സൗമ്യതയോടെ തിരുത്താനും. എല്ലാവരോടും അനുഭാവപൂർവം പെരുമാറാനും. പരസ്പര സ്നേഹത്തിൽ ഹൃദയപൂർവ്വം വർത്തിക്കാനും ഞങ്ങൾക്കും സാധിക്കുക തന്നെ ചെയ്യും...

നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web