സമ്മാനം അവിടുത്തെ കയ്യിലുണ്ട്. പ്രതിഫലവും അവിടുത്തെ മുൻപിലുണ്ട്. പ്രഭാത പ്രാർത്ഥന
ദിവ്യകാരുണ്യ നാഥാ...
ജീവനും സർവ്വസ്വവും അവിടുത്തെ തിരുമുൻപിലണച്ചു കൊണ്ട് ഈ പ്രഭാതത്തിലും ആത്മാവിലും സത്യത്തിലും ഞങ്ങളങ്ങയെ ആരാധിക്കുന്നു. പലവിചാരമില്ലാതെ ബലിയർപ്പണത്തിൽ പങ്കുചേർന്നാൽ ഇന്ന് നല്ലൊരു ബലിയർപ്പിച്ചു എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങളിൽ പലരും.
എന്നാൽ ചിലപ്പോഴെങ്കിലും ഞങ്ങൾ മറക്കുന്നതോ. ഞങ്ങളിൽ നിന്നു മറയ്ക്കപ്പെടുന്നതോ ആയ ചില അജ്ഞതകൾ ഞങ്ങളുടെ ബലിയർപ്പണത്തെ അപൂർണമാക്കാറുണ്ട്.
ഞങ്ങളുടെ ബലഹീനതകളെയും ആവശ്യങ്ങളെയും ബലിപീഠത്തിൽ അർപ്പിക്കുമ്പോൾ നശിച്ചുപോകാനിടയുള്ളതും. എന്നാൽ അവിടുത്തെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ളതുമായ ഒരാത്മാവിനെയെങ്കിലും കാഴ്ച്ചയർപ്പിക്കാൻ പലപ്പോഴും ഞങ്ങൾ മറക്കുന്നു.
അനുരഞ്ജന കൂദാശ യഥാസമയം സ്വീകരിക്കാതെയും. ഞങ്ങളുടെ സഹോദരരോടുള്ള വിദ്വേഷത്തെ മനസ്സിൽ സൂക്ഷിച്ചും ബലിപീഠത്തെ സമീപിക്കുമ്പോൾ. ഈശോയെ...
ഇന്നിവിടെ ഒരു ബലിയർപ്പിക്കാൻ ആഗ്രഹിച്ച് ഞങ്ങളണഞ്ഞിട്ടുണ്ട്. യോഗ്യരല്ലെങ്കിലും ഞങ്ങൾ അങ്ങയെ സ്വീകരിച്ചോട്ടെയെന്ന് ഈശോയോട് മൗനാനുവാദം തേടാനും ചിലപ്പോഴൊക്കെ ഞങ്ങൾ മറക്കാറുണ്ട്.
ഈശോ നാഥാ... ഞങ്ങളുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ പശ്ചാത്തപിക്കുന്ന ഹൃദയത്തോടെയും. ആത്മാവിൽ എളിമയോടെയും യഥാസമയം ഫലമണിയുന്ന ബലിയർപ്പണത്തിനായി പരിപൂർണതയോടെ പങ്കു ചേരാൻ ഞങ്ങളെ യോഗ്യരാക്കേണമേ.
അപ്പോൾ ഉചിതമായ കൂദാശയർപ്പണത്തിലൂടെ ഞങ്ങളും സ്വീകാര്യരാവുകയും. ഞങ്ങളുടെ ജീവിതപ്രശ്നങ്ങൾ കാലോചിതമായി ദിവ്യകാരുണ്യനാഥനിൽ പരിഹരിക്കപ്പെടുകയും ചെയ്യും...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ