കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും;അവിടുത്തെ നീതി തലമുറകളോളം നിലനില്‍ക്കും. പ്രഭാത പ്രാർത്ഥന
കരുണ സമ്പന്നനായ ഞങ്ങളുടെ നല്ല ഈശോയേ... പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന സകലതും ലഭിക്കുമെന്ന വാഗ്ദാനം അനുസ്മരിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളവിടുത്തെ സാനിധ്യം തേടിയണയുന്നു.
ജീവിതത്തിൽ പലപ്പോഴും ഞങ്ങൾക്കു ചുറ്റുമുള്ള സങ്കടമനുഭവിക്കുന്നവരെയോ. പ്രശ്നങ്ങളിൽ അകപ്പെട്ടവരെയോ സഹായിക്കാനോ പരിഗണിക്കാനോ മനസ്സില്ലാത്തതു കൊണ്ടല്ല.
അവരുടെ ആവശ്യനേരങ്ങളിൽ ഒരു സഹായമാകാനോ. ദുരിതവേളകളിൽ സംരക്ഷണമേകാനോ കഴിയാത്ത നിവൃത്തികേടുകളും സാഹചര്യങ്ങളും കൊണ്ടാണ് ഞങ്ങളുടെ ആത്മസന്തോഷം മുറിവേൽപ്പിക്കപ്പെടുന്നത്.
സ്നേഹനാഥാ. ഞങ്ങളുടെ കഴിവില്ലായ്മയും ദാരിദ്ര്യാവസ്ഥകളും അങ്ങു കാണണമേ. ഞങ്ങളുടെ സഹോദരങ്ങളുടെ ആവശ്യനേരങ്ങളിൽ സഹായമരുളുവാൻ സന്നദ്ധനായി അങ്ങ് കൂടെയുണ്ടാവുകയും.
കരുണാസമ്പന്നനായ അങ്ങയുടെ കാരുണ്യത്താൽ ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. എല്ലാറ്റിലുമുപരി ഞങ്ങളുടെ ഇല്ലായ്മകളിലും വല്ലായ്മകളിലും സ്നേഹത്തോടെ പരസ്പരം പങ്കുവയ്ക്കാനും.
പ്രവർത്തിക്കാനും വിശ്വസ്തതയോടെ അന്യോന്യം ശുശ്രൂഷ ചെയ്യുവാനുമുള്ള അനുഗ്രഹമേകി ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ...
നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ