നിന്റെ പ്രവൃത്തികൾക്കു കർത്താവു പ്രതിഫലം നൽകും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കർത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. പ്രഭാത പ്രാർത്ഥന

അനന്തമായ സ്നേഹത്താൽ ഞങ്ങളെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നല്ല ദൈവമേ... അങ്ങു വാഴ്ത്തപ്പെട്ടവനാകട്ടെ. അങ്ങയുടെ പരിശുദ്ധ നാമത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
ജീവിതത്തിൽ പലപ്പോഴും ഞങ്ങളുടെ കുടുംബങ്ങളിലോ ജോലി സാഹചര്യങ്ങളിലോ മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെയോ രോഗദുരിതങ്ങളിൽ ആയിരിക്കുന്നവരെയോ പരിചരിക്കേണ്ടി വരാറുണ്ട്.
എന്നാൽ എത്ര ആത്മാർത്ഥമായി അവരുടെ കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടും. എത്രത്തോളം കാരുണ്യത്തോടെ പെരുമാറിയിട്ടും ഒന്നിലും തൃപ്തിവരാത്തവരുടെ സ്വഭാവരീതികളും. ഞങ്ങൾ ശരിയായി ചെയ്യുന്നില്ലെന്നുള്ള നിരന്തരമായ കുറ്റപ്പെടുത്തലുകളും പലപ്പോഴും ഞങ്ങളെ നിരുത്സാഹപ്പെടുത്തുകയും. ചെയ്യുന്ന ജോലികളിൽ മടുപ്പുളവാക്കുകയും ചെയ്യാറുണ്ട്.
കർത്താവേ... അങ്ങു ഞങ്ങൾക്ക് തുണയായിരിക്കണമേ. മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന യാതൊരു പ്രതികൂലങ്ങളെയും ഭയപ്പെടാതെ ഉചിതമായി പ്രവർത്തിക്കാനും. ചെയ്യുന്ന ജോലികളിലും ശുശ്രൂഷകളിലും സത്യവും നീതിയും പുലർത്താനും ഞങ്ങളെ സഹായിക്കണമേ.
അവിടുത്തെ ദിവ്യഹൃദയത്താൽ പ്രേരിതരായി നന്മ ചെയ്യാനും. അതുവഴി ഞങ്ങളുടെയും. ഞങ്ങളുടെ ചുറ്റുമുള്ളവരുടെയും ജീവിതങ്ങളെ അവിടുത്തെ സ്നേഹചൈതന്യത്താൽ പ്രകാശിപ്പിക്കാനും ഞങ്ങൾക്കിടയാക്കുകയും ചെയ്യണമേ... സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ