കര്‍ത്താവ് അവനു രോഗശയ്യയില്‍ ആശ്വാസം പകരും;അവിടുന്ന് അവനു രോഗശാന്തി നല്‍കും. പ്രഭാത പ്രാർത്ഥന
സർവ്വശക്തനും ഞങ്ങളുടെ പരിപാലകനുമായ ദൈവമേ...
അങ്ങയുടെ സമൃദ്ധമായ സ്നേഹവും. കരുണയും. വരദാനഫലങ്ങളും കൊണ്ട് നിറയപ്പെടാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു. വീണു പോകാമായിരുന്ന.
നശിച്ചു പോകാമായിരുന്ന. ഇല്ലാതായി തീരാമായിരുന്ന ഞങ്ങളുടെ പല ജീവിതസാഹചര്യങ്ങളിലും അങ്ങയുടെ പരിപാലനയും കാരുണ്യവും അവിസ്മരണീയമായ വിധത്തിൽ ഞങ്ങളെ വഴിനടത്തിയിട്ടുണ്ട്.
എന്നിട്ടും ദൈവകരങ്ങളിൽ നിന്നും ഓരോ ദിവസവും അനുവദിച്ചു കിട്ടുന്ന ചെറുതും വലുതുമായ അനുഗ്രഹങ്ങളെ പാടേ വിസ്മരിച്ചു കൊണ്ട് കഴിഞ്ഞു പോയ ഇന്നലെകളിലെ നഷ്ടങ്ങളെയും ദുഃഖങ്ങളേയുമോർത്ത് ഭാരപ്പെട്ടും. വരാനിരിക്കുന്ന നാളെകളെക്കുറിച്ചുള്ള അനാവശ്യഭീതികളിലും.
ഉത്കണ്ഠകളിലും മുഴുകിയും അനുദിനജീവിതത്തിലെ വിലയേറിയ അനുഗ്രഹനിമിഷങ്ങളെ ഞങ്ങൾ നഷ്ടപ്പെടുത്തിക്കളയുന്നു. ഞങ്ങളുടെ നല്ല ഈശോയേ... അനന്ത കാരുണ്യമേ. ഞങ്ങളുടെ ആത്മശരീരങ്ങളുടെ നിയന്താവേ.
അങ്ങയുടെ സാമിപ്യം ഞങ്ങൾക്ക് ആനന്ദവും ജീവനും പ്രദാനം ചെയ്യുന്നുവല്ലോ. അനാവശ്യമായ ഉത്ക്കണ്ഠകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചിതരാകാനും.
ഇന്നത്തെ ജീവിതാനുഭവങ്ങളുടെ നല്ലഭാഗം തെരഞ്ഞെടുക്കാനും അങ്ങ് ഞങ്ങളെ സഹായിക്കേണമേ. അപ്പോൾ പൂർണ ഹൃദയത്തോടെ അവിടുത്തെ പാദാന്തികത്തിലായിരിക്കാനും.
ദൈവസാനിധ്യസ്മരണയാൽ ആത്മാവിൽ ആരാധിക്കാനുമുള്ള കൃപ ഞങ്ങൾക്കും സ്വന്തമാവുക തന്നെ ചെയ്യും... അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ