കര്‍ത്താവ് അന്‌ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു; അവിടുന്നു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു. പ്രഭാത പ്രാർത്ഥന

കരുണയുള്ള ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങളെ പരിപാലനയ്ക്കായി സ്വർഗ്ഗത്തിൽ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ ഒരു ദൂതനെ നിയോഗിച്ചതിനായി അവിടുത്തേക്ക് നന്ദി.
ഞങ്ങളുടെ ആത്മാവ് വേദനിക്കുമ്പോൾ അവിടുത്തെ സന്നിധിയിൽ മാദ്ധ്യസ്ഥ്യം വഹിച്ചു കൊണ്ട് ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വലിയ അനുഗ്രഹങ്ങൾ മാലാഖവാങ്ങി തരുന്നുവല്ലോ.
ദൈവമേ ഇന്നേ ദിനത്തിൽ ഞങ്ങളുടെ കാവൽ മാലാഖയുടെ മധ്യസ്ഥതയിൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ അവിടുന്ന് സ്വീകരിക്കേണമേ. ഈ ലോകത്തിന്റെ പ്രതിസന്ധികളിൽ കൂടി കടന്നു പോകുമ്പോൾ, പ്രാർത്ഥിക്കുവാൻ സാധിക്കാത്ത അവസ്ഥകളിൽ ഉഴലുമ്പോൾ, എല്ലാം മാലാഖയുടെ സംരക്ഷണം അനുഭവിക്കുവാൻ ഞങ്ങൾക്ക്
സാധിക്കട്ടെ. ആരെയും ഒരു നിന്ദാവചനം കൊണ്ട് പോലും വിഷമിപ്പിക്കാതെയിരിക്കുവാൻ അനുഗ്രഹിക്കണമേ. നല്ല ദൈവമേ, ഈ ദിനത്തിൽ ഞങ്ങളുടെ ആഗ്രഹങ്ങളെ കാവൽമാലാഖ വഴി അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
യഥാർത്ഥമായ ആഗ്രഹത്തോടെ, തീവ്രമായ വിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ. കർത്താവേ, വലിയ സന്തോഷം അനുഭവിക്കുവാൻ ഇടയാക്കണമേ.
പരിഹസിക്കപ്പെടുന്ന മേഖലകളിൽ വലിയ വിജയം വരിക്കുവാൻ കർത്താവേ അനുഗ്രഹം നൽകണമേ. ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും ഞങ്ങളെ ഭരിപ്പാനായി ദൈവം ഏല്‍പിച്ച വിശ്വാസമുള്ള ഞങ്ങളുടെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ അങ്ങേ ഞങ്ങൾ വാഴ്ത്തുന്നു.
അയോഗ്യരായ ഞങ്ങളെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞങ്ങളെത്രയോ കടക്കാരനാകുന്നു.
ഞങ്ങൾ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്‍ക്കുവാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിക്കാനുമായിട്ട് ഞങ്ങളെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നുവല്ലോ.
എല്ലാം അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ. ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേലും ലോകം മുഴുവൻ്റെമേലും കരുണയായിരിക്കേണമേ... ആമേൻ