കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്‌തിയാണ്; തന്റെ അഭിഷിക്‌തനു സംരക്‌ഷണം നല്‍കുന്ന അഭയസ്‌ഥാനം അവിടുന്നാണ്. പ്രഭാത പ്രാർത്ഥന

പരിശുദ്ധ ജപമാലയുടെ രാജ്ഞിയായ മാതാവേ...
അമ്മയോടൊപ്പം ചേർന്നിരുന്നർപ്പിക്കുന്ന പ്രാർത്ഥനയുടെ മനോഹാരിതയും സൗരഭ്യവും ആസ്വദിക്കാൻ ജപമാലമണികളിൽ ദൈവീക രഹസ്യങ്ങളുടെ നറുപുഷ്പങ്ങളോടൊപ്പം ഞങ്ങളുടെ ജീവിതവും കോർത്തു സമർപ്പിക്കുന്നു.
ജീവിതത്തിൽ അടിക്കടി പരാജയങ്ങൾ പിന്തുടരുമ്പോഴും. രോഗങ്ങൾ ആയുസ്സിനും ആരോഗ്യത്തിനും ഭീഷണിയാകുമ്പോഴും. ഒരിക്കലും കരകയറാനാവാത്ത വിധം ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികളുടെയും കുഴഞ്ഞ ചേറ്റിൽ അകപ്പെട്ടു പോകുമ്പോഴും തികച്ചും അക്ഷോഭ്യരായി. ഒരു ചെറു പുഞ്ചിരിയോടെയും.
തികഞ്ഞ ശാന്തതയോടെയും പിടിച്ചു നിൽക്കുന്നവരെ കാണുമ്പോൾ ഇവർക്ക് എങ്ങനെ ഇതിനു സാധിക്കുന്നു എന്നു പോലും തോന്നിപ്പിക്കുന്ന വിധം ദൃഢതയുള്ള വിശ്വാസത്തിൽ പലപ്പോഴും ഞങ്ങൾ അത്ഭുതപ്പെട്ടു പോകാറുണ്ട്.
ഞങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന ദൈവത്തിന് ഞങ്ങളോടുള്ള സ്നേഹത്തിന്റെ ശക്തി എന്താണെന്ന് ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ. ചുറ്റുമുള്ള ജീവിതാവസ്ഥകളിൽ പരിതപിച്ച് അലഞ്ഞു നടക്കാതെ ഞങ്ങളും എന്നും ദൈവതിരുമുൻപിൽ ശാന്തരായി നിലകൊള്ളുമായിരുന്നു എന്ന ഉൾക്കാഴ്ച്ച അവരിൽ നിന്നും പകർന്നു കിട്ടിയപ്പോഴേക്കും വളരെയേറെ വൈകിപ്പോയി നാഥാ.
അമ്മേ... മാതാവേ... സഹനങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ തുറവിയുള്ള ഹൃദയഭാവത്തോടെ ഞങ്ങളുടെ ശക്തിയും തുണയുമായ കർത്താവിൽ ശരണം തേടുന്നവരാകാൻ ഞങ്ങളെയും പഠിപ്പിക്കേണമേ.
അപ്പോൾ ജീവിതത്തിലെ വിഷമസന്ധികളെ ശാന്തതയോടെയും ധീരതയോടെയും അതിജീവിക്കാൻ ഞങ്ങളും പ്രാപ്തരാകുകയും. അവയെ ആത്മീയജീവിതത്തിലെ പൊൻതൂവലുകളായി ശിരസ്സിലേറ്റിക്കൊണ്ട് ഞങ്ങളും കർത്താവിൽ ആനന്ദിക്കുകയും ചെയ്യും...
പരിശുദ്ധ ജപമാല രാജ്ഞി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ