കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായ പ്രവൃത്തികള്‍ ഇഷ്‌ടപ്പെടുന്നു; പരമാര്‍ഥ ഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും. പ്രഭാത പ്രാർത്ഥന
സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ... പുതിയൊരു പ്രഭാതം കൂടി ആയുസ്സിലേക്ക് ചേർത്തുതന്ന അങ്ങയുടെ വലിയ കാരുണ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു. അങ്ങയുടെ ജീവനുള്ള വചനം ഞങ്ങൾ ധ്യാനിക്കുന്നു
സർവ്വചരാചരങ്ങളുടെയും മേൽ അധികാരമുള്ള കർത്താവേ, ഇന്ന് ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്മേലും ഞങ്ങളുടെ തൊഴിൽ മേഖലയ്ക്ക് മേലും അങ്ങയുടെ പരിശുദ്ധാത്മാവിനെ ശക്തമായി അയക്കണമേ. ഞങ്ങളുടെ കച്ചവടത്തെയും ജോലിയെയും തകർക്കാൻ നോക്കുന്ന എല്ലാ അദൃശ്യ ശക്തികളെയും, തടസ്സങ്ങളെയും, ദോഷക്കണ്ണുകളെയും യേശുവേ അങ്ങയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അങ്ങയുടെ നീതിയുടെ വലതുകരം നീട്ടി ഞങ്ങളുടെ കച്ചവടത്തിനും, അധ്വാനത്തിനും ചുറ്റും ഒരു അഗ്നിമതിൽ തീർത്ത് കാത്തുരക്ഷിക്കണമേ.
ഇന്ന് ഞങ്ങളുടെ കച്ചവടസ്ഥലത്തേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയും അങ്ങയുടെ അനുഗ്രഹം പ്രാപിക്കട്ടെ. പരമാർത്ഥ ഹൃദയത്തോടെ, സത്യസന്ധമായി കച്ചവടം ചെയ്യാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ. സാമ്പത്തികമായ എല്ലാ പ്രതിസന്ധികളിൽ നിന്നും, കടബാധ്യതകളിൽ നിന്നും, നഷ്ടങ്ങളിൽ നിന്നും അവിടുന്ന് ഞങ്ങളെ മോചിപ്പിക്കണമേ. ഞങ്ങൾ കൈവെയ്ക്കുന്ന എല്ലാ പ്രവൃത്തികളിലും ദൈവീകമായ വിജയവും സമൃദ്ധിയും കൽപ്പിച്ചുതരണമേ.
കർത്താവേ, ഞങ്ങളുടെ ഹൃദയത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ. കപടതയില്ലാത്ത നിർമ്മലമായ ഹൃദയത്തോടെ അങ്ങയുടെ മുഖം ദർശിക്കാനും, അങ്ങയുടെ സാന്നിധ്യത്തിൽ ജീവിക്കാനും ഞങ്ങളെ യോഗ്യരാക്കണമേ. ഈ ദിവസത്തെ എല്ലാ ഇടപാടുകളും അങ്ങയുടെ വലിയ മഹത്വത്തിനായി ഞങ്ങൾ സമർപ്പിക്കുന്നു നാഥാ... എന്റെ അമ്മേ, എന്റെ ആശ്രയമേ... ആമേൻ