തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണു കര്‍ത്താവു പ്രസാദിക്കുന്നത്. പ്രഭാത പ്രാർത്ഥന
സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...
ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ തേടിയണയുകയും. ആത്മാവിൽ നിറയുന്ന പ്രത്യാശയോടെ അങ്ങയുടെ രക്ഷയെ കാത്തിരിക്കുകയും ചെയ്യുന്നു. പുറമെയുള്ള കാഴ്ച്ചയിലോ പെരുമാറ്റത്തിലോ ഒരു കുറവോ.
മാനസിക പ്രശ്നങ്ങളോ തോന്നാതിരുന്ന ചില കുടുംബങ്ങളുടെയോ വ്യക്തികളുടെയോ ദാരുണമായ സ്വയംഹത്യകളെക്കുറിച്ച് കേൾക്കുമ്പോൾ ചിലപ്പോഴൊക്കെ ഞങ്ങൾ വിശ്വസിക്കാനാവാതെ നിന്നു പോയിട്ടുണ്ട്. അത്രയേറെ വേദനിപ്പിക്കുന്ന ജീവിതപ്രശ്‌നങ്ങളിലൂടെയോ, തിക്താനുഭവങ്ങളിലൂടെയോ കടന്നു പോയിട്ടും.
അത്രയേറെ അലട്ടുന്ന രോഗപീഡകളിലൂടെയോ, ശ്വാസം മുട്ടിക്കുന്ന സാമ്പത്തിക ബാധ്യതകളിലൂടെയോ കടന്നു പോയിട്ടും. അത്രത്തോളം വലിയ വിഷമസന്ധികൾ അവരിൽ വേരുകളാഴ്ത്തിയിട്ടും.വിഷാദത്തിന്റെ കാണാചുഴിയിൽ അവർ പെട്ടുപോയിട്ടും.
ചുറ്റുമുള്ളവരെ ഒന്നും അറിയിക്കാനാവാതെ.ആരാലും ഒന്നും മനസ്സിലാക്കപ്പെടാതെ സ്വയം മരണത്തെ സ്വീകരിച്ചു കടന്നു പോകേണ്ടി വന്നവരുടെ നിസഹായതയെ തിരിച്ചറിയാൻ പലപ്പോഴും ഞങ്ങളും ഏറെ വൈകിപ്പോകുന്നു നാഥാ.
ഈശോയേ... ഞങ്ങളുടെ ആത്മാവിന്റെ ബലഹീനതകളെയും.ജീവിതത്തിന്റെ ദയനീയാവസ്ഥകളെയും ഞങ്ങളിൽ തന്നെ മറച്ചു വയ്ക്കാതെ ഞങ്ങളിതാ അങ്ങയുടെ തിരുമുൻപിൽ ഏറ്റുപറയുന്നു.
ഞങ്ങളുടെ കണ്ണുനീരു കാണുകയും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും ചെയ്യുന്നവനായ അങ്ങിൽ മാത്രം ഞങ്ങളിതാ ശരണപ്പെടുന്നു. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയായി അങ്ങ് ഞങ്ങളിലേക്ക് ഒഴുകിയിറങ്ങുകയും. ഞങ്ങളുടെ ദുരവസ്ഥകളുടെ പാരമ്യത്തിലെങ്കിലും അവിടുത്തെ കരുണയുടെ ശക്തി പ്രകടിപ്പിക്കുകയും ചെയ്യണമേ.
അപ്പോൾ ആഴിയുടെ അഗാധങ്ങളിൽ നിന്നു പോലും ഞങ്ങളെ കരകയറ്റുന്ന അവിടുത്തെ രക്ഷയാൽ ഞങ്ങളും നവജീവൻ പ്രാപിക്കുക തന്നെ ചെയ്യും... നിത്യസഹായ മാതാവേ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ