കർത്താവാണ് എന്റെ സഹായകൻ. ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും. പ്രഭാത പ്രാർത്ഥന
സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...
എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച് വിശുദ്ധിക്കു വേണ്ടി പരിശ്രമിക്കാനുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണയുന്നു. പലപ്പോഴും എന്തു വന്നാലും നേരിടണം.
തളരരുത്. പിടിച്ചു നിൽക്കണം. പ്രാർത്ഥിക്കണം. എന്നൊക്കെ മറ്റുള്ളവരെ ഉപദേശിക്കുന്ന ഞങ്ങൾക്ക് സ്വന്തം ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടാവുമ്പോഴോ. ഒരു തിക്താനുഭവത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോഴോ പിടിച്ചു നിൽക്കാൻ കഴിയാറില്ല. അതുവരെ കരുതി വച്ചിരുന്ന ധൈര്യമെല്ലാം എവിടെയോ പോയ് മറയും. വിശ്വാസം ദുർബലമാകും.
പ്രാർത്ഥനയിൽ മടുപ്പുളവാകും. കാണുന്ന കാഴ്ചകളിലും കേൾക്കുന്ന വാക്കുകളിലുമെല്ലാം നിരാശയെ മാത്രം തിരഞ്ഞു കൂട്ടു പിടിക്കും.
ഈശോയേ... സ്നേഹിതരെല്ലാം ഞങ്ങളെ ഒറ്റപ്പെടുത്തിയാലും, സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു പോയാലും. ജീവിതത്തിന്റെ ഗത്സമൻ ഇടങ്ങളിൽ ചോര വിയർക്കേണ്ടി വന്നാലും. ഇടനെഞ്ചിലുയരുന്ന ഞങ്ങളുടെ നെടുവീർപ്പിനെ പോലും പ്രാർത്ഥനയാക്കി അങ്ങയ്ക്കു സമർപ്പിക്കാൻ കൃപ ചെയ്തരുളേണമേ. നിരാശയുടെ അന്ധകാരം നിറഞ്ഞതും.
നിസംഗതയുടെ തണുപ്പിനാൽ ഉറഞ്ഞു പോയതുമായ ഞങ്ങളുടെ ആത്മാവിനെ അത്രമേൽ തീഷ്ണതയുള്ള വിശ്വാസത്താൽ കത്തിയെരിയിക്കുകയും. ദിവ്യസ്നേഹാഗ്നിയാൽ ജ്വലിപ്പിച്ചു വിശുദ്ധീകരിക്കുകയും ചെയ്യണമേ.
ഈശോയുടെ തിരുഹൃദയമേ... അങ്ങേ ദിവ്യസ്നേഹാഗ്നി ഞങ്ങളുടെ ഹൃദയത്തിലും കത്തിക്കേണമേ... ആമേൻ