നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു. പ്രഭാത പ്രാർത്ഥന

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു എന്ന് ഏറ്റുപറഞ്ഞപ്പോഴെല്ലാം. പ്രാർത്ഥനയിലൂടെയും തിരുവചനത്തിലൂടെയും അങ്ങയെ കൂടുതലായി അറിയാൻ ശ്രമിച്ചപ്പോഴെല്ലാം അധികം ഞെരുക്കങ്ങളിലൂടെയും. വേദനകളിലൂടെയുമൊക്കെ കടന്നു പോകേണ്ട സാഹചര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലുണ്ടായി.
അടിക്കടി പരാജയങ്ങൾ ഞങ്ങളെ വേട്ടയാടി. അത്രമേൽ അറിയുന്നവരിൽ നിന്നു പോലുമുള്ള തിരസ്കരണങ്ങളാൽ ഞങ്ങൾ ഒറ്റപ്പെട്ടു. കുടുംബത്തിലുള്ളവരാൽ പോലും മനസ്സിലാക്കപ്പെടാത്തതിന്റെ വേദനയാൽ ഞങ്ങൾ കണ്ണുനീരോഴുക്കേണ്ടി വന്നു. അപ്പോഴൊക്കെയും ഒരുവേള മനസ്സുകൊണ്ടെങ്കിലും ഞങ്ങൾ അങ്ങിൽ നിന്നും അകലാൻ ആഗ്രഹിച്ചു.
അങ്ങയോടുള്ള സ്നേഹത്തിൽ പോലും മടുപ്പുളവായി. എന്നാൽ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തികളിലൂടെ അങ്ങ് ഞങ്ങളോട് സംസാരിച്ചു. വചനസന്ദേശങ്ങളിലൂടെ അങ്ങ് ഞങ്ങളെ കൂടുതൽ ചേർത്തു പിടിച്ചു.
ഈശോയേ... ഞങ്ങളേൽക്കുന്ന ഓരോ നോവുകളെയും ഏറ്റവും ആഴമേറിയ വേദനയും നിശബ്ദമായി സഹിച്ച അങ്ങയുടെ തിരുമുഖത്തർപ്പിക്കുന്ന സ്നേഹചുംബനങ്ങളായി അങ്ങ് സ്വീകരിക്കേണമേ. അങ്ങയോടുള്ള സ്നേഹത്തിൽ നിന്നും ഞങ്ങളെ വേർപെടുത്തുന്ന യാതൊന്നിനും ഞങ്ങളുടെ ജീവിതത്തിൽ അമിത പ്രാധാന്യം കൊടുക്കാതെ.
യാതൊന്നിലും ഞങ്ങളുടെ മനസിടറാതെ. യാതൊരു വഴികളിലും പതറി നിൽക്കാതെ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുവാനുള്ള കൃപ നൽകണമേ. അങ്ങനെ ഞങ്ങൾ മുഴുവനും അങ്ങേയ്ക്കുള്ളവരായി തീർന്ന് ഞങ്ങളുടെ ഹൃദയം അങ്ങേ നിത്യമായ വിശ്രമസ്ഥലവും. ഞങ്ങളുടെ ജീവിതം എന്നും അങ്ങയെ പ്രസാദിപ്പിക്കുന്നതുമാകട്ടെ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... പാപികളും അശരണരുമായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ