എന്റെ നീതിക്കൊത്ത വിധം കർത്താവ് എനിക്കു പ്രതിഫലം നൽകി. എന്റെ കൈകളുടെ നിർമ്മലതയ്ക്കു ചേർന്ന വിധം എനിക്കു പകരം തന്നു. പ്രഭാത പ്രാർത്ഥന
പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...
ഞങ്ങളുടെ ആനന്ദം എന്നും കർത്താവിന്റെ നിയമത്തിൽ മാത്രമാകട്ടെ. അപ്പോൾ രാവും പകലും ഞങ്ങൾ അതിനെക്കുറിച്ചു ധ്യാനിക്കുകയും, യഥാകാലം അതെന്നിൽ ഫലമണിയുകയും ചെയ്യും.
വഴിയും സത്യവും ജീവനുമായ അങ്ങയേ അനുഗമിക്കുന്നവരാകാൻ വിളിക്കപ്പെട്ടവരാണെങ്കിലും പലപ്പോഴും അനുയോജ്യമല്ലാത്ത സ്നേഹബന്ധങ്ങൾ ഉപേക്ഷിച്ചു കളയാനുള്ള മടി നിമിത്തം ഞങ്ങൾ അങ്ങയോട് ഒരു നിശ്ചിത അകലം പാലിക്കുകയും, ഞങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന ബന്ധങ്ങളിൽ ഉറച്ചു തന്നെ മുന്നോട്ടു പോവുകയും ചെയ്യാറുണ്ട്.
ഈ ബന്ധങ്ങൾ ഞങ്ങളുടെ ആത്മീയ നന്മകളെ നശിപ്പിച്ചു കൊണ്ട് ഭൗതിക സുഖങ്ങൾ മാത്രം ഞങ്ങൾക്കു പ്രദാനം ചെയ്യുന്നവയാണ് എന്നറിഞ്ഞിട്ടും, വിട്ടുകളയാതെ ഞങ്ങളെ അതിലേക്ക് ആകർഷിച്ചു നിർത്തുന്ന നൈമിഷിക സുഖത്തിന്റെ പിന്നാലെ മനസ്സ് അനുസരണയില്ലാതെ പിടിവിട്ടു പാഞ്ഞുകൊണ്ടേയിരിക്കും.
ഈശോയേ... അങ്ങയുടെ ശാസനയാൽ. അങ്ങയുടെ നാസികയിൽ നിന്നും പുറപ്പെടുന്ന നിശ്വാസത്താൽ സമുദ്രത്തിലെ അന്ത:പ്രവാഹങ്ങൾ പോലും കാണപ്പെടുന്നതു പോലെയും, ഭൂമിയുടെ അടിസ്ഥാനങ്ങൾ പോലും അനാവൃതമാകുന്നതു പോലെയും ഞങ്ങളുടെ അന്ത:രംഗത്തിലെ വികാരവിചാരങ്ങളെയും അങ്ങ് വിവേചിച്ചറിയേണമേ.
ഉത്തമമായ വഴികളിലൂടെ അവിടുത്തെ കരം പിടിച്ചു നടക്കുന്ന ദൈവപൈതലാകാനുള്ള ഭാഗ്യം ഞങ്ങൾക്ക് പകർന്നു നൽകണമേ. അവികലമായ അവിടുത്തെ മാർഗത്തിലൂടെ ചരിച്ച് അവിടുത്തെ നന്മയേയും കരുണയേയും ജീവിതകാലം മുഴുവൻ അനുഗമിക്കാനുള്ള കൃപ സ്വന്തമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ... തിരുക്കുടുംബത്തിൻ്റെ കാവൽക്കാരാ... ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ... ആമേൻ