കര്‍ത്താവിന്റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും മഴയിലും അത് അഭയമായിരിക്കും. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... അങ്ങയുടെ കരുണയ്ക്കും കരുതലിനും നന്ദിയും സ്തുതിയും അർപ്പിച്ചു കൊണ്ട് ഞങ്ങളുടെ അനുദിന ജീവിതത്തിനാവശ്യമായ ആത്മീയദാനങ്ങളെ ലഭിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു. പലപ്പോഴും അർഹിക്കാത്ത അനുഗ്രഹങ്ങൾ ഞങ്ങളെ അഹങ്കാരികളാക്കി മാറ്റാറുണ്ട്.
ഞങ്ങളുടെ തിരക്കുകളുടെയും പദവികളുടെയും ലോകത്ത് ഒന്നിനും സമയം തികയാത്തതു കൊണ്ട് അനുദിന കുടുംബ പ്രാർത്ഥനകൾ ഒഴിവാക്കി ഞങ്ങളിപ്പോൾ ദൃശ്യമാധ്യമങ്ങളിലെ പ്രാർത്ഥനയെ മാത്രമാണ് ആശ്രയിക്കുന്നത് എന്ന് ഏറ്റവും നിസാരമായി ഒഴികഴിവുകളെ കണ്ടെത്തുന്നവരും. എല്ലാവർക്കുമുള്ളതു പോലെ ചെറിയ ചില ദുശീലങ്ങളെ ഞങ്ങൾക്കുള്ളു. അത് അധികം ആർക്കും അറിയുകയുമില്ല.
അതുകൊണ്ട് ആർക്കും ഉപദ്രവങ്ങളുമില്ല എന്ന് ആശ്വസിക്കുന്ന സ്വയം വെള്ള പൂശിയ കുഴിമാടങ്ങളും ഇന്നും ഞങ്ങൾക്കു ചുറ്റിലുമുണ്ട്. അവിടുത്തെ തിരുമുൻപിലെ ചില അരുതുകൾ ഇന്നത്തെ ലോകജീവിതത്തിന് ആവശ്യമായ അനുമതികളാണ് എന്ന വിശ്വാസത്തെയാണ് അവർ തങ്ങളിൽ തന്നെ പരിപോഷിപ്പിക്കുന്നത്.
ഈശോയേ... അങ്ങ് ഞങ്ങൾക്ക് പകർന്നു നൽകിയിരിക്കുന്ന സമയവും കഴിവുകളും ഏറ്റവും ഫലപ്രദമായി ചിലവഴിക്കുവാനും. ഉത്തമ ജീവിത മാർഗങ്ങളിൽ ശ്രദ്ധയുള്ളവരായി വളരുവാനും ഞങ്ങളെ സഹായിക്കേണമേ.
അപ്പോൾ വൻകാര്യങ്ങൾ ചെയ്യുക എന്നതിലുപരി ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ പോലും അങ്ങയുടെ ഹിതം തിരയാനും. അവ ദൈവമഹത്വത്തിനായി ചെയ്യുവാനുമുള്ള കൃപ ഞങ്ങളിലും സമൃദ്ധമായി ഉണ്ടാവുക തന്നെ ചെയ്യും... കന്യകാമറിയത്തിൻ്റെ വിശ്വസ്‌ത ഭർത്താവേ... ഞങ്ങളിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കണമേ... ആമേൻ