കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്‌തനില്‍നിന്ന് ഒഴിയുന്നില്ല;ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...
അങ്ങ് അനുനിമിഷം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ കൃപകൾക്കും നന്ദിയർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ പ്രാർത്ഥനയ്ക്കായി ഞങ്ങൾ അവിടുത്തെ അരികിൽ അണയുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായ ചില പ്രതിസന്ധികളോ.
പ്രിയപ്പെട്ടവരുടെ ചില വിയോഗങ്ങളോ സംഭവിക്കുമ്പോൾ. ഞങ്ങൾ തളർന്നാൽ ഞങ്ങളുടെ ചുറ്റുമുള്ളവരും തളർന്നു പോകുമെന്നറിഞ്ഞിട്ടും. ഞങ്ങളുടെ മനോധൈര്യമാണ് അവരെയും താങ്ങി നിർത്തുന്നത് എന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും മനസ്സിനെ ആശ്വസിപ്പിക്കാൻ ഒരു മാർഗവും കണ്ടെത്താൻ കഴിയാതെ ഞങ്ങൾ പതറി പോകാറുണ്ട്.
മുന്നോട്ടുള്ള ജീവിതത്തിലെ അരക്ഷിതാവസ്ഥയോർത്ത് പെട്ടെന്ന് ഒരു തീരുമാനവും എടുക്കാൻ കഴിയാതെ ഞങ്ങൾ പകച്ചു നിന്നു പോകാറുമുണ്ട്. ഈശോയേ... ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയിലുറപ്പിച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ദുരിതങ്ങൾ വിസ്മരിക്കാനും. ഒഴുകി പോയ ജലം പോലെ മാത്രം അതിനെക്കുറിച്ച് ഓർമ്മിക്കാനും തക്കവിധം അവിടുന്ന് ഞങ്ങളുടെ വിശ്വാസത്തെ പുലർത്തുകയും. ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ.
ഭൂമിയിൽ പാദമുറപ്പിക്കുമ്പോഴും സ്വർഗത്തിലേക്കു ദൃഷ്ടിയുറപ്പിച്ചു പ്രാർത്ഥിക്കാനും. ആത്മധൈര്യത്തോടെ അവിടുത്തെ സന്നിധിയിൽ നിലയുറപ്പിക്കാനും തക്കവിധം നിരന്തരം അവിടുത്തെ സാമീപ്യത്താൽ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ... കാന്റിയിലെ വിശുദ്ധ ജോണ്‍... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ