കര്‍ത്താവ് എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍;അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. പ്രഭാത പ്രാർത്ഥന

ദിവ്യകാരുണ്യ നാഥനായ ഞങ്ങളുടെ നല്ല ഈശോയേ... ഞങ്ങളുടെ ആത്മശരീരങ്ങളുടെ ശക്തിയും ജീവനുമായി ദിവ്യകാരുണ്യത്തിൽ എഴുന്നെള്ളിയിരിക്കുന്ന സ്നേഹമേ. ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ഓരോ പ്രഭാതങ്ങളും പുതിയതായിരിക്കുന്നതു പോലെ ഓരോ ബലിയർപ്പണങ്ങളും നവമായ ജീവിതം നയിക്കുന്നതിനു ഞങ്ങളെ പ്രാപ്തരാക്കുന്ന അനുഗ്രഹത്തിന്റെ കൃപയും പ്രകാശവുമാണ്.
എന്നാൽ പലപ്പോഴും പറയുടെ മറവിൽ മറച്ചു വയ്ക്കപ്പെടുന്ന വെളിച്ചം പോലെ ഞങ്ങളുടെ വ്യർത്ഥമായ ജീവിതരീതികളിലും മാറ്റമില്ലാത്ത അഹങ്കാരങ്ങളുടെയും അസൂയയുടെയും സ്വഭാവശീലങ്ങളിലും. പരിശുദ്ധ കുർബാനയിലൂടെ ഞങ്ങളിലേക്കു കടന്നു വരുന്ന അവിടുത്തെ കാരുണ്യത്തിന്റെ പ്രഭയും.
രക്ഷാകര സ്നേഹവും. നിത്യജീവന്റെ വചസുകളും ഞങ്ങളെയും ഞങ്ങളുടെ ചുറ്റുമുള്ള ജീവിതങ്ങളെയും പ്രകാശിപ്പിക്കാതെ കടന്നു പോകുന്നുണ്ട്. ഈശോയേ... ഞങ്ങളിൽ കനിയണമേ...
കരുണാർദ്രമായ അവിടുത്തെ ദിവ്യകാരുണ്യ സ്നേഹത്തോടു ദിനവും ചേർന്നിരിക്കാൻ ഞങ്ങളിൽ കൃപയേകണമേ. ഇടർച്ചകളിലും വീഴ്ച്ചകളിലും മങ്ങി പോകാത്ത വിശ്വാസസാക്ഷ്യത്തിന്റെ പ്രകാശത്തിലും രക്ഷയിലും പ്രശോഭിതരായി ജീവിക്കാൻ ഞങ്ങളുടെ ജീവിതങ്ങൾക്ക് അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ