ദൈവത്തിൽ ശരണം വയ്ക്കുവിൻ. അവിടുത്തെ മുൻപിൽ നിങ്ങളുടെ ഹൃദയം തുറക്കുവിൻ. അവിടുന്നാണു നമ്മുടെ സങ്കേതം. പ്രഭാത പ്രാർത്ഥന

പരിശുദ്ധ പരമ ദിവ്യകാരുണ്യമായ ഈശോയെ... ഈ പ്രഭാതത്തിൽ പുതിയ ഉണർവ്വോടെയും ഉത്സാഹത്തോടെയും ദിവ്യബലിയിൽ പങ്കുചേരാനും. പ്രാർത്ഥനയുടെ കൃപാവരത്തോടെ അവിടുത്തെ സന്നിധിയിൽ അണയാൻ ഞങ്ങളെ അനുവദിച്ച കാരുണ്യത്തിന് നന്ദി.
ദിവ്യ സക്രാരിയിൽ എഴുന്നള്ളിയിരിക്കുന്ന അങ്ങയിലേക്കു മിഴികളുയർത്തി നോക്കുന്നവരാരും നിരാശരാവുകയില്ല എന്ന വിശ്വാസമാണ് ഇന്നേ ദിവസത്തെ ഞങ്ങളുടെ ബലവും ശരണവും. ജീവിതത്തിൽ പലപ്പോഴും ഞങ്ങളുടെ നന്മയെ ആഗ്രഹിക്കുകയും ഞങ്ങളെ സുരക്ഷിതരായി നിലനിർത്തുകയും ചെയ്യുന്ന പ്രിയപ്പെട്ടവരോട് തുറന്നു പറയാനോ.
മറ്റുള്ളവർ എന്തു കരുതുമെന്ന ഭയത്താൽ വിട്ടുപേക്ഷിച്ചു പോകാനോ കഴിയാത്തതും. സാഹചര്യങ്ങളുടെ സമ്മർദ്ദമോ ജീവിതത്തിന്റെ നിസ്സഹായതയോ കൊണ്ടു മാത്രം നിലനിർത്തി പോരേണ്ടി വരുന്നതുമായ ചില ബന്ധങ്ങളാണ് ഞങ്ങളുടെ ജീവിതത്തിന്റെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന ബന്ധനങ്ങളായി തീരുന്നത്.
കർത്താവേ... ഞങ്ങളുടെ നീതിയുടെയും സമാധാനത്തിന്റെയും ദൈവമേ. ഞങ്ങളോട് കരുണയായിരിക്കേണമേ. ഞങ്ങളെ അസ്വസ്ഥരാക്കുന്ന എല്ലാ സാഹചര്യങ്ങളിലും അങ്ങു ഞങ്ങളുടെ ഉറപ്പുള്ള സഹായവും തുണയുമാകണമേ.
നേരായ ബന്ധങ്ങളുടെ വിശുദ്ധിയിലും. നന്മതിന്മകളെ തിരിച്ചറിയാനുള്ള ആത്മവരത്തിലും നിലനിൽക്കാൻ ഞങ്ങളെ സഹായിക്കണമേ. സത്യത്തിന്റെ മാർഗത്തിൽ തുടർന്നു ജീവിക്കാനാവശ്യമായ കൃപയും കരുത്തുമേകി അവിടുന്ന് നിരന്തരം ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ