രാവിലെ വിത്തു വിതയ്‌ക്കുക, വൈകുന്നേരവും കൈ പിന്‍വലിക്കരുത്‌, കാരണം, ഏതാണു സഫലമാകുക, ഇതോ, അതോ, അഥവാ രണ്ടുമോ എന്നു നീ അറിയുന്നില്ലല്ലോ. പ്രഭാത പ്രാർത്ഥന

 
jesus

ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ...

സ്നേഹിതനു വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നരുളിച്ചെയ്ത അങ്ങയുടെ സ്നേഹത്തിൽ പൂർണത പ്രാപിക്കുന്നതിനു വേണ്ടിയുള്ള അനുഗ്രഹം തേടി ഞങ്ങളും അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും ഇനിയൊരു സൗഖ്യമുണ്ടാവില്ലെന്ന് ഉറപ്പിച്ച രോഗവും പേറി ജീവിക്കേണ്ടി വരുമ്പോൾ.

തീരാവ്യാധികളാൽ മരണത്തോളം ദുഃഖിതമായിരിക്കുമ്പോൾ ജീവിതത്തിൽ പോലും വെറുപ്പ് കലരുകയും ഞങ്ങൾക്കു ചുറ്റുമുള്ളവരോട് ദേഷ്യം കലർന്ന ഒരു നിസംഗത തോന്നിത്തുടങ്ങുകയും ചെയ്യും. അവരുടെ സ്നേഹം ഞങ്ങളിലെ മരണത്തെ ആഗ്രഹിക്കുന്നുണ്ടെന്നും അവർ ഞങ്ങൾക്കു വേണ്ടി ചെയ്തു തരുന്നതെല്ലാം അതിന്റെ പ്രതിഫലനം മാത്രമാണെന്നും ഞങ്ങൾ വിശ്വസിക്കും.

അവരുടെ പ്രാർത്ഥനകളിലും പ്രവർത്തികളിലുമൊക്കെ ഞങ്ങളോടുള്ള സഹതാപം ഞങ്ങൾ ദർശിക്കും. അവരുടെ നോട്ടത്തിൽ പോലും നിരാശ കലർന്നൊരു ഭാവം ഞങ്ങൾ തിരയാൻ തുടങ്ങും. പതിയേ എല്ലാവരിൽ നിന്നും,ദൈവത്തിൽ നിന്നു പോലും അകന്നിരിക്കാൻ ഞങ്ങൾ ശ്രമിക്കുകയും ചെയ്യും.

ഈശോയേ. വിശ്വസിച്ചാൽ ഞങ്ങളും ദൈവമഹത്വം ദർശിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ ജീവിതത്തിലും മരണസമയത്തും അങ്ങയെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ സഹായിക്കേണമേ.

ജീവിതത്തിലുട നീളം അങ്ങ് ഞങ്ങൾക്കു സ്വന്തമായി തന്നവരെ ചേർത്തു പിടിക്കാനും അവരുടെ സ്നേഹത്തിന്റെ നൈർമല്യം തിരിച്ചറിയാനും ഞങ്ങളേയും പഠിപ്പിക്കേണമേ നാഥാ. അപ്പോൾ കളങ്കമറ്റ സന്തോഷത്തോടെ ഏതവസ്ഥയിലും ഞങ്ങൾ ഹൃദയസമാധാനം കണ്ടെത്തുകയും. പ്രത്യാശയോടെ ആ സമാധാനത്തിൽ തന്നെ മരണം വരെ നയിക്കപ്പെടുകയും ചെയ്യും...

അത്ഭുത പ്രവർത്തകനായ വിശുദ്ധ പാദുവായിലെ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web