മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ. പ്രഭാത പ്രാർത്ഥന

സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ... ഒരു പുതിയ പ്രഭാതം കൂടി കാണാനും. ആത്മാവിൽ നിറഞ്ഞ ഉണർവ്വോടെയും പ്രാർത്ഥനയോടെയും അവിടുത്തെ തിരുഹൃദയത്തണലിൽ അഭയം തേടാനും ഇന്നേ ദിവസം ഞങ്ങളെ അനുവദിച്ച അവിടുത്തെ കാരുണ്യത്തിന് നന്ദി പറയുന്നു.
ഞങ്ങൾക്ക് അങ്ങു കനിഞ്ഞു നൽകിയ ഈ ജീവിതം മറ്റുള്ളവർക്ക് പ്രചോദനവും പ്രത്യാശയും പകരുന്ന ഒരു സുവിശേഷമാക്കി തീർക്കാതെ പലപ്പോഴും മറ്റുള്ളവരുടെ കുറ്റങ്ങളെയും കുറവുകളെയും പരിഹസിക്കുന്നവരോപ്പം സജീവമായി പങ്കു ചേർന്നും. ചെയ്യാൻ കഴിവുള്ള സഹായങ്ങളെ പരമാവധി വൈകിപ്പിച്ചും.
ഞങ്ങൾക്കുള്ള സന്തോഷങ്ങളെയും സൗകര്യങ്ങളെയും സ്വാർത്ഥതയാൽ അടക്കിപിടിച്ചും. പ്രാർത്ഥനയിലും വിശ്വാസത്തിലും നിസംഗത പാലിച്ചും വാക്കിലും പ്രവൃത്തിയിലും അഹങ്കാരവും അസൂയയും നിറച്ചു വച്ചും മറ്റുള്ളവരുടെ മുൻപിൽ അവരിലൊരാളായി ഞങ്ങൾ ജീവിക്കുമ്പോൾ ഞങ്ങളിലുള്ള വെളിച്ചം അന്ധകാരമായി മാറുന്നത് പലപ്പോഴും ഞങ്ങൾ തിരിച്ചറിയുന്നേയില്ല.
ഈശോയേ... പാപികളും ബലഹീനരുമായ ഞങ്ങളോട് കരുണ തോന്നണമേ. ന്യായമെന്നു തോന്നിപ്പിക്കുന്ന തെറ്റുകളിലേക്ക് ഇടറി വീഴാതെയും. നിസാരമായി കരുതുന്ന പാപസാഹചര്യങ്ങളിൽ തുടരാതെയും ഞങ്ങളുടെ ആത്മശരീരങ്ങളെ നിയന്ത്രിക്കാനും കാത്തുസൂക്ഷിക്കാനും കൃപയരുളണമേ.
എല്ലാറ്റിലുമുപരി അങ്ങയുടെ നന്മയിലും സ്നേഹത്തിലും വിശ്വസ്തരായിരിക്കാനും എളിമയിലും വിശുദ്ധിയിലും ജീവിക്കാനുമുള്ള അനുഗ്രഹമേകി ഞങ്ങളെ അവിടുന്ന് നയിച്ചരുളുകയും ചെയ്യണമേ... നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ