പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍. പ്രഭാത പ്രാർത്ഥന
കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ...
പ്രതീക്ഷയോടെ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ട് വചനത്തിലൂടെ അനുദിനം ഞങ്ങളെ ശക്തിപ്പെടുത്തുന്ന അങ്ങയുടെ അനന്തമായ കരുണയ്ക്കും കരുതലിനും ഒരായിരം നന്ദി.
കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്നു പറയാറുണ്ടെങ്കിലും ഞങ്ങളുടെ പല കുടുംബങ്ങളും ഇന്ന് നെരിപ്പോടു പോലെ ഉള്ളിൽ പുകഞ്ഞു നീറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മക്കൾക്കുവേണ്ടി ഇടതടവില്ലാതെ പ്രാർത്ഥിക്കുന്നവർ പോലും തന്റെ പങ്കാളിക്കു വേണ്ടി ദൈവസന്നിധിയിൽ അർപ്പിക്കപ്പെടേണ്ട പ്രാർത്ഥനകളെയും ഉത്തരവാദിത്തങ്ങളെയും മറക്കുന്നു.
പകരം പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും. അംഗീകരിക്കപ്പെടാനാകാത്ത സ്വഭാവവൈകല്യങ്ങളും എണ്ണമിട്ടു നിരത്തുകയും. ഒരിക്കലും തനിക്ക് അനുയോജ്യമായ ഒരു പങ്കാളിയെയായിരുന്നില്ല ലഭിച്ചത് എന്ന് ദൈവത്തോട് നിരന്തരം പരാതിപ്പെട്ടു കൊണ്ട് നിരാശയോടെയും നിരുത്സാഹത്തോടെയും തങ്ങളുടെ ജീവിതം ജീവിച്ചു തീർക്കുകയും ചെയ്യുന്നു.
ഈശോയേ... അങ്ങ് ദാനമായി നൽകിയ ഞങ്ങളുടെ ജീവിതത്തെയും പ്രിയപ്പെട്ടവരെയും ഓർത്തു നന്ദി പറയുന്നു. ശാരീരികവും മാനസികവുമായി പരസ്പരം വേദനിപ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു കൊണ്ട് പക്വതയില്ലാതെ പെരുമാറിയതിന് ഞങ്ങൾ മാപ്പു ചോദിക്കുന്നു.
ഞങ്ങളുടെ വിളിയെയും തിരഞ്ഞെടുപ്പിനെയും വിവേകപൂർവം ഉറപ്പിച്ചു കൊണ്ട് തങ്ങൾക്കു ഭരമേൽപ്പിക്കപ്പെട്ടവരുടെ ആത്മരക്ഷയ്ക്കു വേണ്ടി പരസ്പരം പ്രാർത്ഥിക്കാനും, പ്രവർത്തിക്കാനും അതുവഴി രക്ഷയുടെ അനുഭവം സ്വന്തമാക്കാനും ആത്മാവിൽ ഞങ്ങളെ സജ്ജരാക്കുകയും സഹായിക്കുകയും ചെയ്യണമേ...
ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ